തിരുവനന്തപുരം : കേരളം ഭരിക്കുന്ന യുഡിഎഫ് സർക്കാർ സംഘപരിവാറിന്റെ ബി ടീമായി പ്രവർത്തിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മോദിയും വി.ഡിയും ഇ.ഡിയുമെല്ലാം ചേർന്ന പ്രത്യേക കൂട്ടുകെട്ടാണത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി രാജ്യത്ത് പ്രതിപക്ഷ പാർട്ടികൾക്കെതിരേ നിലപാട് സ്വീകരിക്കുകയാണ്. കേരളത്തിലെ യുഡിഎഫ് സർക്കാർ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത പോലെ അതിനെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. കോലീബീ സഖ്യത്തിന്റെ കാലം തൊട്ട് ആരംഭിച്ച ഈ കൂട്ടുകെട്ട് യുഡിഎഫ് അധികാരത്തിൽ എത്തിയതിന് ശേഷവും തീവ്രമായി തുടരുകയാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സിഎംആർഎൽ കേസ് പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള കേസാണെന്ന് പാർട്ടി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
ഭീഷണിപ്പെടുത്തി ഇ.ഡി ഉണ്ടാക്കിയ മൊഴിയെല്ലാം പിൻവലിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടും ആ മൊഴിയിന്മേൽ കേസെടുക്കുകയെന്ന കേട്ടുകേൾവിയില്ലാത്ത സംഭവമാണ് ഇപ്പോൾ നടക്കുന്നത്. കമ്പനിക്ക് അധികം ചെലവുണ്ടാക്കിയെന്ന് പറഞ്ഞാണ് ഇ.ഡി രംഗത്തുവന്നത്. യഥാർഥ കുറ്റവാളികളെ കുറിച്ച് അന്വേഷിക്കാതെ പിണറായിയെയും റിയാസിനെയും കേസിന്റെ ഭാഗമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇ.ഡിയും ബിജെപിയും യുഡിഎഫ് സർക്കാരും ഗൂഢാലോചന നടന്നതുകൊണ്ടാണ് പിണറായിക്കെതിരേയുള്ള അന്വേഷണം. ഹവാല ആരോപണവും അങ്ങനെ തന്നെയാണ്. അതുകൊണ്ട് അന്വേഷിക്കുന്നതിൽ ഞങ്ങൾക്ക് ഒരു പേടിയുമില്ല. ഇ.ഡി നടത്തുന്നത് രാഷ്ട്രീയപ്രവർത്തനമാണ്.
യുഡിഎഫ് സർക്കാർ അധികാരമേറ്റപ്പോൾ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ചൊല്ലിയതോട് കൂടി ഭരണതലത്തിലും ഈ കൂട്ടുകെട്ട് വ്യാപിക്കുകയായിരുന്നു. നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ പരാമർശമുണ്ടായില്ല. സമാനമായ അനുഭവം ബജറ്റ് പ്രസംഗത്തിലും ഉണ്ടായി. ലേബർ കോഡ് അതേപോലെ നടപ്പിലാക്കുമെന്നുള്ള നിർദ്ദേശം കേന്ദ്ര സർക്കാരിനുള്ള മറ്റൊരു കീഴടങ്ങലാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. അനധികൃതമായി പണം വാങ്ങിയെന്ന് സമ്മതിച്ച രണ്ട് മന്ത്രിമാർ ഇപ്പോൾ യുഡിഎഫ് സർക്കാരിലുണ്ട്. അവർ മുഖ്യമന്ത്രിയുടെ വാങ്ങിയ പണം എത്രയെന്നും എന്തിനാണെന്നും വ്യക്തമാക്കേണ്ടതുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.































