പത്തനംതിട്ട : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ മേയ് 12 മുതല്‍ 18 വരെ നടന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ 61,63,290 രൂപയുടെ വിറ്റുവരവ്. കുടുംബശ്രീ ജില്ലാ മിഷന്റെ ഫുഡ് കോര്‍ട്ടില്‍ 13,45,523 രൂപയും വാണിജ്യ സ്റ്റാളുകളില്‍ 13,54,627 രൂപയും ഉള്‍പ്പെടെ ആകെ 27,00150 രൂപ വരുമാനം ലഭിച്ചു. കണ്‍സ്യൂമര്‍ ഫെഡ് 4,25,708 രൂപയും സഹകരണ വകുപ്പിന്റെ കോപ്മാര്‍ട്ട് 1,60,644 രൂപയും വില്‍പ്പന നടത്തി. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ കീഴില്‍ അണിനിരന്ന വാണിജ്യ സ്റ്റാളുകള്‍ ആകെ 16,40,500 രൂപ വരുമാനം നേടി. കഴിഞ്ഞ വര്‍ഷം നടന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ 60,79,828 രൂപയുടെ വിറ്റുവരവാണ് ഉണ്ടായിരുന്നത്.
പ്രധാന സ്റ്റാളുകളും വരുമാനവും: സാമൂഹിക നീതി വകുപ്പ്- 4,33,431 രൂപ, ഫിഷറീസ് വകുപ്പ്- 2,03,528 രൂപ, മില്‍മ 1,90,000 രൂപ, ഖാദി ഗ്രാമ വ്യവസായം- 62,383 രൂപ, തണ്ണിത്തോട് മില്‍മ- 75,000 രൂപ, പട്ടികവര്‍ഗ വികസന വകുപ്പ്-55,000 രൂപ, എഎന്‍ബി ഫുഡ് ഇന്‍ഡസ്ട്രിസ്- 55,000 രൂപ, ദിനേശ് ഫുഡ്‌സ്-70,000 രൂപ, ബി ഡ്രോപ്സ്- 45,000 രൂപ, കൃപ ടെയ്ലറിംഗ് യൂണിറ്റ്- 1,50,000 രൂപ, വോള്‍ട്ടോ പെയിന്റ്സ് – 50,000 രൂപ, എസ് എസ് ഹാന്റി ക്രാഫ്റ്റ്സ്-67,000 രൂപ, ഡ്രീംസ് ഫുഡ്‌സ്- 46,500 രൂപ, നിര്‍മല്‍ ഗാര്‍മെന്റസ്-45,000 രൂപ, ഡ്രീംസ് സ്റ്റാര്‍- 40,000 രൂപ, പുലരി ഫുഡ്‌സ്- 65,000 രൂപ, എല്‍ സണ്‍-40,000 രൂപ, തേജസ്-1,50,000 രൂപ, ആര്‍.എസ് ഏജന്‍സീസ്- 50,000 രൂപ, മിറക്കോസ് സ്‌പൈസസ് -1,00,000 രൂപ, നീലഗിരി ഏജന്‍സീസ് -65,000 രൂപ, ആശ്വാസ് -50,000 രൂപ.
പത്തനംതിട്ട ജില്ല കണ്ട ഏറ്റവും വലിയ പ്രദര്‍ശന വിപണനമേളയായിരുന്നു ഇത്തവണത്തേത്. 146 കൊമേഴ്സ്യല്‍ സ്റ്റാളുകളും 79 തീം സ്റ്റാളുകളും ഉള്‍പ്പെടെ ആകെ 225 സ്റ്റാളുകളാണ് മേളയിലുണ്ടായിരുന്നത്. കേരളം ഒന്നാമത് പ്രദര്‍ശനം, കിഫ്ബി വികസന പ്രദര്‍ശനം, ടെക്നോ ഡെമോ, ബിടുബി മീറ്റ്, സെമിനാറുകള്‍, ഡോഗ്ഷോ, സ്പോര്‍ട്സ് ഏരിയ, നവീന സാങ്കേതിക വിദ്യകളുടെ പ്രദര്‍ശനം, കാര്‍ഷിക വിപണന മേള, കുടുംബശ്രീ ഫുഡ് കോര്‍ട്ട്, തല്‍സമയ മത്സരങ്ങള്‍, കലാ-സാംസ്‌കാരിക പരിപാടികള്‍, കലാസന്ധ്യ തുടങ്ങിയവ മേളയെ വൈവിധ്യം നിറഞ്ഞതാക്കി.
എന്റെ കേരളം പ്രദര്‍ശന വിപണന മേളയുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബിസിനസ് ടു ബിസിനസ് മീറ്റ് (ബിടുബി മീറ്റ്) ശ്രദ്ധേയമായി മാറി. ചെറുകിട വ്യവസായം നടത്തുന്ന ഉത്പാദകരെയും ഉത്പന്നം വാങ്ങുവാന്‍ ഉദ്ദേശിക്കുന്ന വ്യാപാരികളെയും തമ്മില്‍ ബന്ധപ്പെടുത്തി നല്‍കുക എന്നതായിരുന്നു ബിടുബി മീറ്റിന്റെ ലക്ഷ്യം.
ചെറുകിട വ്യവസായികള്‍ക്ക് അവരുടെ ഉത്പന്നം ഇടനിലക്കാരുടെ ചൂഷണം ഇല്ലാതെ ആവശ്യക്കാര്‍ക്ക് നേരിട്ട് വില്പന നടത്താനും കൂടുതല്‍ വിപണി കണ്ടെത്താനും സാമ്പത്തിക അഭിവൃത്തി കൈവരിക്കാനും ബിടുബി മീറ്റിലൂടെ വഴിയൊരുക്കി. ഉത്പന്നങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മാറ്റാരുടെയും സഹായം കൂടാതെ ആവശ്യമുള്ള ഉത്പന്നങ്ങള്‍ കണ്ടെത്തുവാനും വാങ്ങുവാനും സാധിച്ചു. ഇത്തരത്തില്‍ മേളയുടെ ഏഴു ദിവസങ്ങളിലും ബിടുബി ഏരിയ സജീവമായിരുന്നു. 50 ചെറുകിട വ്യവസായികളും വ്യാപാരികളും ബിടുബി ഏരിയ സന്ദര്‍ശിക്കുകയും തങ്ങളുടെ ഉത്പന്നങ്ങള്‍ പരിചയപെടുത്തുകയും വ്യാപാരികള്‍ ഇവ കണ്ടു മനസിലാക്കുകയും ചെയ്തു.
പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതിയുടെ യോഗം
കേരള നിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി ജൂണ്‍ ആറിന് രാവിലെ 10.30ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. പ്രവാസി മലയാളികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ സംബന്ധിച്ച് പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പ്രവാസി മലയാളി സംഘടനാ പ്രതിനിധികളുമായും വ്യക്തികളുമായും ചര്‍ച്ച നടത്തുകയും പരാതികള്‍ സ്വീകരിക്കുകയും ചെയ്യും.
മാലിന്യമുക്ത കേരളം പദ്ധതി:
സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ടീം
പരിശോധന നടത്തി
മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ചട്ടലംഘനങ്ങള്‍ കണ്ടെത്തുന്നതിന് രൂപീകരിച്ച സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ടീം ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പരിധിയിലുളള 45 വ്യാപാര വാണിജ്യ സ്ഥാപനങ്ങളിലും ഗവ.ഐടിഐ യിലും പരിശോധന നടത്തി. 12 വ്യാപാര സ്ഥാപനങ്ങളില്‍ നിന്നായി 64 കിലോ നിരോധിത ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. നിയമ ചട്ടലംഘനത്തിനെതിരായ നടപടിക്കായി പിടിച്ചെടുത്ത സാധനങ്ങള്‍, മഹസര്‍ എന്നിവ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി. ഗവ.ഐടിഐ യില്‍ പരിശോധന നടത്തിയതില്‍ പ്ലാസ്റ്റിക്കുകളും ഭക്ഷണ വേസ്റ്റുകളും കൂട്ടിയിട്ടിരിക്കുന്നതായി പ്രിന്‍സിപ്പലിന്റെ ശ്രദ്ധയില്‍പെടുത്തി. ജൂണ്‍ അഞ്ചിന് ഐടിഐ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
ഗതാഗത നിയന്ത്രണം
കുരമ്പാല-പൂഴിക്കാട്-മുട്ടാര്‍-വലക്കടവ് റോഡില്‍ ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മേയ് 29 മുതല്‍ ഏഴ് ദിവസത്തേക്ക് ഈ റോഡില്‍കൂടിയുളള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അടൂര്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
കിലെ ഐഎഎസ് അക്കാദമിയില്‍ പരിശീലനത്തിന് അപേക്ഷിക്കാം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി, കേരള ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പ് തെഴിലാളി ക്ഷേമനിധി പദ്ധതി എന്നിവിടങ്ങളില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ ബിരുദം അടിസ്ഥാന യോഗ്യതയായിട്ടുളള മക്കള്‍ക്കും ആശ്രിതര്‍ക്കും കിലെ ഐഎഎസ് അക്കാദമിയില്‍ സിവില്‍ സര്‍വീസ് പ്രിലിമിനറി മെയിന്‍സ് പരീക്ഷകളുടെ പരിശീലനത്തിലേക്ക് അപേക്ഷ സ്വീകരിക്കുന്നതിന്റെയും ഫീസ് ഒടുക്കുന്നതിന്റെയും കാലാവധി ജൂണ്‍ 30 വരെ നീട്ടി. 10 മാസമാണ് കോഴ്സ് കാലാവധി. വെബ്‌സൈറ്റ് : സശഹല.സലൃമഹമ.ഴീ്.ശി, ഫോണ്‍ :0468 2320158, 7907099629, 0471 2309012
































