പട്ന: വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ നിന്ന് പുഴുക്കളെ കണ്ടെത്തി. ബിഹാറിലെ അർവാൽ ജില്ലയിലെ സർക്കാർ സ്കൂളുകളിലാണ് സംഭവം. ഭക്ഷണം കഴിക്കാനിരുന്ന വിദ്യാർഥികളാണ് പുഴുക്കളെ കണ്ടത്. തുടർന്ന് കുട്ടികൾ അധ്യാപകരെ വിവരം അറിയിക്കുകയായിരുന്നു. 75 ഓളം സ്കൂളിൽ വിതരണം ചെയ്ത ഭക്ഷണത്തിലാണ് പുഴുക്കളെ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ഭക്ഷണത്തിന്റെ ഗുണനിലവാരവും സുരക്ഷയും സംബന്ധിച്ച് ഗുരുതരമായ ആശങ്കയാണ് ഉയർന്നത്. പുഴുക്കളെ കണ്ടെത്തിയതിനെ തുടർന്ന് കഴിക്കാതെ വിദ്യാർത്ഥികൾ ഭക്ഷണം കളയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
ഇതോടെ സംഭവത്തിൽ വ്യാപക പ്രതിഷേധമുയർന്നു. അർവാലിൽ ഉച്ചഭക്ഷണ വിതരണം ‘റോയൽ മാനവ് മിത്ര സേവാ സമിതി’ എന്ന ഏജൻസിക്കായിരുന്നു. ചൊവ്വാഴ്ച ഏജൻസി ചോറും സോയാബീനും ഉരുളക്കിഴങ്ങും ചേർത്ത കറിയുമാണ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തത്. എന്നാൽ കറിയിലും ചോറിലും പുഴുക്കളെ കണ്ടെത്തുകയായിരുന്നു. ഭക്ഷണത്തിലെ പുഴുക്കളെ വിദ്യാർത്ഥികൾ ചൂണ്ടിക്കാണിക്കുന്നതും പ്രചരിക്കുന്ന വീഡിയോയിൽ കാണാം. ഇതോടെ വിദ്യാർത്ഥികൾ പരാതിയുമായി രംഗത്തെത്തി. വ്യാപക പ്രതിഷേധം ഉയർന്നതോടെ അടിയന്തര അന്വേഷണം നടത്താൻ ഉത്തരവിട്ടു.






























