പത്തനംതിട്ട : കേരളാ കോണ്‍ഗ്രസിലെ തമ്മിലടിയില്‍ പത്തനംതിട്ട നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പെഴ്സന്‍ സ്ഥാനം എല്‍.ഡി.എഫിന്. വോട്ടെടുപ്പില്‍ നിന്നും കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം കൌണ്‍സിലര്‍ ദിപു ഉമ്മന്‍ വിട്ടുനിന്നു. എല്‍.ഡി.എഫുമായി ഉണ്ടാക്കിയ രഹസ്യ ധാരണപ്രകാരമാണ് ഇതെന്ന് ആരോപണം.
പത്തനംതിട്ട നഗരസഭയിലെ വിദ്യാഭ്യാസ കലാ -കായിക സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പെഴ്സന്‍ സ്ഥാനത്തേക്ക് ഇന്ന് നടന്ന തെരഞ്ഞെടുപ്പിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ (ജോസ് കെ.മാണി വിഭാഗം) ബിജിമോള്‍ രാജിവെച്ച ഒഴിവിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫിലെ മുന്‍ ധാരണ പ്രകാരമായിരുന്നു സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പെഴ്സന്‍ സ്ഥാനം ബിജിമോള്‍ രാജിവെച്ചത്. അടുത്ത ഊഴം കേരളാ കോണ്‍ഗ്രസിലെ തന്നെ ഷൈനി ജോര്‍ജ്ജിന് ആയിരുന്നു. അഞ്ചംഗ കമ്മിറ്റിയില്‍ മൂന്ന് അംഗങ്ങള്‍ ഭരണകക്ഷിയായ യു.ഡി.എഫിനും രണ്ട് അംഗങ്ങള്‍ എല്‍.ഡി.എഫിനും ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ നിന്നും കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ (ജോസഫ് വിഭാഗം) ദിപു ഉമ്മന്‍ വിട്ടു നിന്നതോടെ എല്‍.ഡി.എഫിനും യു.ഡി.എഫിനും രണ്ടു വോട്ടുകള്‍ വീതം ലഭിച്ച് തുല്യനിലയില്‍ എത്തി. ഇതിനെ തുടര്‍ന്ന് നടന്ന നറുക്കെടുപ്പിലൂടെ സി.പി.എമ്മിലെ ശോഭാ കെ.മാത്യു സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പെഴ്സന്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. അവിശ്വാസം കൊണ്ടുവരണമെങ്കില്‍ തെരഞ്ഞെടുപ്പിനു ശേഷം 6 മാസം കഴിയണം. എന്നാല്‍ ഭരണകാലാവധി അവസാനിക്കുന്ന അവസാന 6 മാസം സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പെഴ്സനെ നീക്കുവാന്‍ നിയമപരമായി കഴിയുകയുമില്ല. അതുകൊണ്ടുതന്നെ ഈ ഭരണസമിതിയുടെ കാലാവധിയില്‍ രണ്ടാം വാര്‍ഡ് കൌണ്‍സിലര്‍ സി.പി.എമ്മിലെ ശോഭാ കെ.മാത്യു തന്നെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പെഴ്സന്‍ ആയി തുടരും.
യു.ഡി.എഫ് ഭരണസമിതിക്കേറ്റ കനത്ത തിരിച്ചടിയാണിത്. തെരഞ്ഞെടുപ്പില്‍ വിജയിക്കുവാന്‍ വേണ്ട മുന്നൊരുക്കങ്ങള്‍ ഒന്നും നഗരസഭാ പാര്‍ലമെന്ററി പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്ന് ജോസ്.കെ.മാണി വിഭാഗം ആരോപിക്കുന്നു. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗവും എല്‍.ഡി.എഫും തമ്മിലുണ്ടാക്കിയ രഹസ്യ ധാരണപ്രകാരമാണ് ദിപു ഉമ്മന്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നതെന്ന ആരോപണവും ശക്തമാണ്. ജോസഫ് ഗ്രൂപ്പ് മുമ്പ് എല്‍.ഡി.എഫ് മുന്നണിയുടെ ഭാഗമായിരുന്ന പി.ജെ.ജോസഫ് മാണി കോണ്‍ഗ്രസിലൂടെയാണ് യു.ഡി.എഫില്‍ ചേക്കേറിയത്.