കോട്ടയം: സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എം ജിയില്‍ അടുത്ത കാലത്തുണ്ടായ ചില സംഭവങ്ങള്‍ അവമതിപ്പുണ്ടാക്കി. വൈസ് ചാന്‍സലര്‍മാര്‍ക്ക് അമിത സമ്മര്‍ദ്ദമാണുള്ളത്. വി സിമാര്‍ സര്‍വകലാശാല നിയമം അനുസരിച്ച് പ്രവര്‍ത്തിക്കണം. ആര് സമ്മര്‍ദ്ദമുണ്ടാക്കിയാലും നിയമം വിട്ടുപോകരുത്. ചാന്‍സലറുടെ അധികാരം ഉപയോഗിക്കേണ്ട സാഹചര്യം വന്നാല്‍ ഉപയോഗിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
അതിനിടെ ഗവര്‍ണര്‍ക്കെതിരെ സര്‍വകലാശാലയില്‍ കെ എസ് യുവിന്റെ പ്രതിഷേധമുണ്ടായി. സര്‍വകലാശാല കവാടത്തിലേക്ക് ഗവര്‍ണറുടെ വാഹനം കടക്കുന്നതിനിടെ കരിങ്കൊടി കാട്ടാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിയെ പോലീസ് തടഞ്ഞു. ഇയാളെ പിന്നീട് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. എം ജി വൈസ് ചാന്‍സലര്‍ സാബു തോമസിനെതിരെ ഗവര്‍ണറോട് പരാതി പറയാന്‍ എത്തിയ വിദ്യാര്‍ത്ഥിനിയെ പോലീസ് കസ്റ്റഡിയിലെടുത്തു. നാനോ ടെക്‌നോളജി ഗവേഷണ വിദ്യാര്‍ത്ഥി ദീപ മോഹനെയാണ് പോലീസ് ബലമായി കസ്റ്റഡിയിലെടുത്ത് ഗാന്ധിനഗര്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് വലിയ സുരക്ഷയാണ് എം ജി സര്‍വകലാശാലയില്‍ ഒരുക്കിയിരുന്നത്. ഗവര്‍ണര്‍ പ്രസംഗിക്കുന്ന ഹാളില്‍ വിദ്യാര്‍ത്ഥികള്‍ ആര്‍ക്കും തന്നെ പ്രവേശനവും നല്‍കിയില്ല. വി സിമാരും സര്‍വകലാശാല ഉദ്യോഗസ്ഥരും പ്രൊസഫര്‍മാരും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.