റാന്നി : ശബരിമല തീർത്ഥാടകരുടെ സൗകര്യങ്ങൾ ലക്ഷ്യമിട്ട് നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന ശബരിമല ഇടത്താവളത്തിന്റെ നിര്‍മ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഗ്രാമപഞ്ചായത്തിന്റെ 2026 – 27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇടത്താവളത്തിന്റെ ഭാഗമായുള്ള റോഡിന്റെ ഇരുവശങ്ങളും വൃത്തിയാക്കി ഇന്റര്‍ലോക്ക് കട്ടകള്‍ പാകുന്ന ജോലികളാണ് നിലവിൽ പുരോഗമിക്കുന്നത്. തീർത്ഥാടനകാലം ആരംഭിക്കാൻ ഇനി ഏകദേശം 65 ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഇടത്താവളത്തിൽ നിർമ്മിക്കുന്ന ടോയ്‌ലറ്റ് കോംപ്ലെക്സിന്റെയും വിശ്രമ മുറികളുടെയും എസ്റ്റിമേറ്റ് തയ്യാറാക്കി ടെൻഡർ നടപടികൾ നടന്നുവരികയാണ്. ടെൻഡർ നടപടികൾ പൂർത്തിയാക്കി എത്രയും വേഗം നിർമ്മാണം ആരംഭിക്കാനാണ് പഞ്ചായത്തിന്റെ ശ്രമം.
എന്നാൽ ശേഷിക്കുന്ന കുറഞ്ഞ സമയത്തിനുള്ളിൽ ഈ രണ്ട് നിർമ്മാണപ്രവർത്തനങ്ങളും പൂർണ്ണമായി പൂർത്തീകരിക്കാൻ കഴിയുമോ എന്ന ആശങ്കയുണ്ടെന്നും പരമാവധി വേഗത്തിൽ നടപടികൾ മുന്നോട്ടുകൊണ്ടുപോകുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ശബരിമല ഹെൽപ്പ് ഡെസ്ക്, ഇടത്താവളത്തിലെ വെളിച്ച സംവിധാനം, കടവ് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളും തീർത്ഥാടനത്തിന് മുമ്പായി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. വരുന്ന തീർത്ഥാടന കാലത്ത് നാറാണംമൂഴി ഇടത്താവളത്തിലെത്തുന്ന അയ്യപ്പഭക്തർക്ക് സൗജന്യ ലഘുഭക്ഷണം, 24 മണിക്കൂറും പ്രവർത്തിക്കുന്ന മെഡിക്കൽ സേവനം, ഭക്ഷണശാല എന്നിവയുൾപ്പെടെയുള്ള കൂടുതൽ സൗകര്യങ്ങൾ ഒരുക്കുവാനും പഞ്ചായത്ത് ലക്ഷ്യമിടുന്നു. തീർത്ഥാടകർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ ഇടത്താവളം ഒരുക്കുന്നതിനാണ് പഞ്ചായത്ത് മുൻഗണന നൽകുന്നതെന്നും പ്രസിഡന്റ് അറിയിച്ചു.































