ന്യൂഡല്‍ഹി : സ്വതന്ത്ര ഇന്ത്യയുടെ മനസ് പ്രാദേശികര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി. നമ്മുടെ പ്രാദേശിക ഉത്പന്നങ്ങളെ നമ്മള്‍ തന്നെ പ്രോത്സാഹിപ്പിക്കണം. നമ്മള്‍ അത് ചെയ്തില്ലെങ്കില്‍ നമ്മുടെ ഉത്പന്നങ്ങള്‍ പിന്തള്ളപ്പെട്ട് പോകുമെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. ചൊങ്കോട്ടയിലെ സ്വാതന്ത്ര്യദിനഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി ഇക്കാര്യം എടുത്തുപറഞ്ഞത്. ഇന്ന് പല വന്‍കിട കമ്പനികളും ഇന്ത്യയിലേയ്ക്ക് തിരിയുകയാണ്. അതിനാല്‍ മെയ്ക്ക് ഇന്‍ ഇന്ത്യയ്‌ക്കൊപ്പം ‘മെയ്ക്ക് ഫോര്‍ വേള്‍ഡ്’ മന്ത്രയുമായി മുന്നോട്ടുപോകണമെന്നും മോഡി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നമ്മുടെ രാജ്യത്തേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍(എഫ്ഡിഐ)18 ശതമാനം വര്‍ധനവാണ് ഉണ്ടായത്. നമ്മുടെ രാജ്യത്തിന്റെ നയങ്ങള്‍, ജനാധിപത്യം എന്നിവ ഉള്‍പ്പെടയുള്ള കാര്യങ്ങളില്‍ ലോകം ഇന്ത്യയില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചതായും മോഡി ചൂണ്ടിക്കാട്ടി. ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ പ്രധാന മുന്‍ഗണന ‘ആത്മനിര്‍ഭര്‍ കൃഷിയും ആത്മനിര്‍ഭര്‍ കര്‍ഷകനുമാണ്’. രാജ്യത്തെ കര്‍ഷകര്‍ക്ക് ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ഒരു ലക്ഷം കോടിയുടെ അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ടര്‍’ഫണ്ട് അനുവദിച്ചതായും മോഡി പറഞ്ഞു. ആത്മനിര്‍ഭര്‍, ആധുനിക, പുതിയ, സമ്പന്നമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ വിദ്യാഭ്യാസത്തിന് പ്രധാന പങ്കുണ്ട്. അതിനാല്‍ മൂന്ന് പതിറ്റാണ്ടിനുശേഷം പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവന്നു. അത് രാജ്യത്തുടനീളം സ്വാഗതം ചെയ്യപ്പെട്ടു, ഇത് ആത്മ വിശ്വാസം പകരുന്നതാണ്, അദേഹം കൂട്ടിച്ചേര്‍ത്തു.
വനിതകള്‍ക്ക് അവസരം ലഭിക്കുമ്പോഴെല്ലാം അവര്‍ രാജ്യത്തിന് അഭിമാനമാകുകയും, ശക്തിപ്പെടുത്തുകയും ചെയ്തു. സ്വയം തൊഴില്‍, തൊഴില്‍ എന്നിവയ്ക്ക് തുല്യമായ അവസരമാണ് രാഷ്ട്രം നല്‍കുന്നത്. സ്ത്രീകള്‍ കല്‍ക്കരി ഖനികളില്‍ ജോലി ചെയ്യുന്നുണ്ട്, അതേസമയം തന്നെ യുദ്ധവിമാനം പറത്തുമ്പോള്‍ ആകാശത്ത് സ്പര്‍ശിക്കുന്നതായും പ്രധാനമന്ത്രി അഭിമാനിച്ചു. അതേസമയം പെണ്‍കുട്ടികളുടെ വിവാഹപ്രായം പുന:പരിശോധിക്കാന്‍ കമ്മിറ്റി രൂപീകരിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി. കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.