റാന്നി : കാലവര്‍ഷക്കെടുതിയില്‍ ജില്ലയിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് അടിയന്തര സഹായം നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് രാജു എബ്രഹാം എംഎല്‍എ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വലിയ നാശനഷ്ടങ്ങളാണ് റാന്നി നിയോജക മണ്ഡലത്തില്‍ ഉണ്ടായത്. ഉതിമൂട് വാളിപ്ലാക്കല്‍ എന്‍ എംഎല്‍പി സ്‌കൂളിന്റെ മുകളിലേക്ക് മരം വീണ് നാശനഷ്ടം സംഭവിച്ചിരുന്നു. ഇവിടെ ഒരു വീടിന് നാശനഷ്ടം ഉണ്ടായിട്ടുണ്ട്. മോതിരവയല്‍ ഭാഗത്തും വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് നാശമുണ്ടായി. ഇവിടെ ഇടിമിന്നലില്‍ വീടിന്റെ ഇലക്ട്രിക് ഉപകരണങ്ങള്‍ ഉള്‍പ്പെടെ കത്തിനശിച്ചു.
പെരുനാട് മഠത്തും മുഴി കൊച്ചു പാലം ജംഗ്ഷന് സമീപം നാശനഷ്ടം ഉണ്ടായ സ്ഥലം എംഎല്‍എ സന്ദര്‍ശിച്ചു. പെരിങ്ങേലില്‍ അനുവിന്റെ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീടിന്റെ അടിത്തറയ്ക്ക് നാശനഷ്ടം സംഭവിച്ചിരുന്നു. ആശ്രമം റോഡിന്റെ വശം ഇടിഞ്ഞുവീണു. വീടിന് ഭീഷണിയായ പാറ ഫയര്‍ഫോഴ്സിന്റെ റോപ്പ് ഉപയോഗിച്ച് പൊട്ടിച്ചു മാറ്റി. സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി റോബിന്‍ കെ തോമസ്, ഫാ. മത്തായി ഒഐസി, ഫാ. സക്കറിയ ഒഐസി, ടി ജി ഷാജി, എസ്വി സജി എന്നിവര്‍ എംഎല്‍എയോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു.