കോട്ടയം : നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് ജങ്കാറിൽ കൊണ്ടുവരാനുള്ള ട്രയൽ റൺ വിജയകരമായി നടത്തി. കോട്ടയം ജില്ലയിൽ നിന്ന് ആലപ്പുഴയിലേക്കാണ് ജങ്കാറിൽ ബസ് കൊണ്ടുവരുന്നത്. ജങ്കാറിൽ ബസ് കയറുമോ, ഭാരം താങ്ങുമോ, ജെട്ടികളിൽ നിന്നു ജങ്കാറിലേക്ക് ബസ് കയറുമ്പോഴും ഇറങ്ങുമ്പോഴും അടിത്തട്ട് ഇടിക്കുമോ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചു. വൈക്കം ഫെറിയിൽ നിന്നു കെഎസ്ആർടിസിയുടെ ലോ ഫ്ലോർ ബസ് ജങ്കാറിൽ കയറ്റി തവണക്കടവിൽ എത്തിച്ചായിരുന്നു പരിശോധന നടന്നത്.
ഇന്നലെ വൈകിട്ട് നാല് മണിക്കാണ് ട്രയൽ റൺ നടത്തിയത്. മോട്ടർവാഹന വകുപ്പ്, പോലീസ്, റവന്യു വിഭാഗങ്ങൾ നടത്തിയ പരിശോധന വിവരങ്ങൾ വിലയിരുത്തിയാവും അന്തിമ തീരുമാനം എടുക്കുക. നവകേരള ബസ് വേമ്പനാട്ട് കായലിലൂടെ ആലപ്പുഴ തീരത്തെത്തുന്ന ഡിസംബർ 14 നിർണായകമെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തി. ബസ് കയറ്റുന്നതും ഇറക്കുന്നതും കായലിൽ അന്നത്തെ ജലനിരപ്പ് അടിസ്ഥാനമാക്കിയാണ്. ജങ്കാർ യാത്ര സാധ്യമല്ലെങ്കിൽ വൈക്കത്ത് നിന്നു തണ്ണീർമുക്കം ബണ്ട് വഴിയുള്ള റോഡ് യാത്ര പരിഗണിക്കും. ഇതിനായി മറ്റൊരു ലോ ഫ്ലോർ ബസ് തവണക്കടവിൽ നിന്ന് തൃച്ചാറ്റുകുളം വരെ ഓടിച്ച് റോഡ് പരിശോധനയും നടത്തി.






























