മോസ്കോ : റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വിമർശകനായ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ (47 ) മൃതദേഹം അധികൃതർ ബോധപൂർവം തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം. നവാൽനിയുടെ മരണത്തിൽ യൂറോപ്പിലെമ്പാടും പ്രതിഷേധം വ്യാപകമാകുന്നതിനിടെയാണിത്.ജയിൽ അധികൃതർ നൽകിയ വിവരത്തെ തുടർന്ന് നവാൽനിയുടെ അമ്മയും അഭിഭാഷകനും ഇന്നലെ സലേഖാർഡ് നഗരത്തിലെ മോർച്ചറിയിലെത്തിയെങ്കിലും മൃതദേഹം അവിടെയുണ്ടായിരുന്നില്ല. മൃതദേഹം എവിടെയാണെന്നറിയില്ല. അന്വേഷണം പൂർത്തിയാക്കാതെ മൃതദേഹം കൈമാറില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നതെന്നും നവാൽനിയുടെ വക്താവ് പറഞ്ഞു.
പുട്ടിന്റെ നിർദ്ദേശ പ്രകാരം നവാൽനിയെ കൊലപ്പെടുത്തിയതാണെന്നും അത് മറയ്ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സെന്റ് പീറ്റേഴ്സ്ബർഗ്, മോസ്കോ തുടങ്ങിയ പ്രധാന നഗരങ്ങളിൽ നവാൽനിക്കായി അനുശോചന കൂട്ടായ്മകൾ നടന്നു.നവാൽനിയുടെ മൃതദേഹം ഉടൻ കുടുംബത്തിന് വിട്ടുനൽകണമെന്ന് കാട്ടി നടന്ന പ്രതിഷേധങ്ങൾക്കിടെ 21 നഗരങ്ങളിൽ നിന്നായി 270ലേറെ പേർ അറസ്റ്റിലായി. ഇതിനിടെ വിവിധ യൂറോപ്യൻ രാജ്യങ്ങളിലെ റഷ്യൻ എംബസികൾക്ക് പുറത്തും പ്രതിഷേധം അരങ്ങേറി. നവാൽനിയെ പുട്ടിൻ കൊന്നതാണെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പ്രതികരിക്കുകയും ചെയ്തു.