കോന്നി : എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാരായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് സി പി ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി സി കെ ശശിധരൻ പറഞ്ഞു. മലയാലപുഴയിലെ വീട്ടിൽ എത്തി കുടുംബാംഗങ്ങളെ കണ്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യസന്ധനും നിഷ്കളങ്കനുമായ ഒരു ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. അദേഹത്തിന്റെ സ്ഥലം മാറ്റം സംബന്ധിച്ച എല്ലാ കാര്യങ്ങളും എന്നോട് സംസാരിക്കുമായിരുന്നു. സർവീസ്സിൽ നിന്ന് വിരമിക്കുന്നതിന് മുൻപ് സ്വന്തം ജില്ലയായ പത്തനംതിട്ടയിൽ സേവനം അനുഷ്ഠിക്കണം എന്നത് അദേഹത്തിന്റെ ആഗ്രഹം ആയിരുന്നു. മികച്ച ഉദ്യോഗസ്ഥൻ ആയതിനാൽ ആണ് ജില്ലാ ഭരണകൂടം അദ്ദേഹത്തെ അവിടെ നില നിർത്തിയിരുന്നത്.
എട്ട് മാസം കൂടി മാത്രമേ അദ്ദേഹത്തിന് സർവീസ് കാലാവധി ബാക്കി ഉണ്ടായിരുന്നുള്ളു. അതിന് മുൻപ് പത്തനംതിട്ട ജില്ലയിൽ ഒരു ദിവസം എങ്കിലും ജോലി ചെയ്യണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. റവന്യു വകുപ്പ് മന്ത്രിയുമായും ഈ വിഷയങ്ങൾ സംസാരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം ലഭിച്ചപ്പോൾ അതിയായ സന്തോഷത്തിൽ അദ്ദേഹം എന്നെ വിളിക്കുകയും സ്ഥലം മാറ്റം ലഭിച്ചു എന്ന് അറിയിക്കുകയും ചെയ്തിരുന്നു. അദേഹത്തിന്റെ മരണത്തിന് ഉത്തരവാദികൾ ആരാണെങ്കിലും നിയമത്തിനു മുന്നിൽ കൊണ്ട് വരണം. നിക്ഷ്പക്ഷമായ അന്വേഷണം ആണ് ഈ വിഷയത്തിൽ ആവശ്യം എന്നും അദ്ദേഹം പറഞ്ഞു. സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി ആർ ഗോപിനാഥൻ, കെ ജി രതീഷ്, സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം പി മണിയമ്മ,സി പി ഐ ജില്ലാ കൗൺസിൽ അംഗങ്ങളായ സുമതി നരേന്ദ്രൻ, ബീന മുഹമ്മദ് റാഫി, മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായർ, സി പി ഐ മലയാലപുഴ ലോക്കൽ സെക്രട്ടറി സി ജി പ്രദീപ് തുടങ്ങിയവർ ഒപ്പം ഉണ്ടായിരുന്നു.