കൊച്ചി: കടലില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ ഐഎന്‍എസ് ദ്രോണാചാര്യയിലുണ്ടായിരുന്ന നേവി ഉദ്യോഗസ്ഥക്ക് ചോദ്യം ചെയ്യലിനു ഹാജരാകാനായി കോസ്റ്റല്‍ പോലീസ് നോട്ടീസ് നല്‍കി. അടുത്ത ദിവസങ്ങളില്‍ ഘട്ടംഘട്ടമായി കോസ്റ്റല്‍ പോലീസ് സ്റ്റേഷനില്‍ വച്ചാണ് ഇവരെ ചോദ്യം ചെയ്യുന്നത്.
ഐഎന്‍എസ് ദ്രോണാചാര്യയില്‍ ഫയറിംഗ് പരിശീലനത്തിന്‍റെ ചുമതലയുള്ള ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്. ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ തോക്കുകള്‍ ഇന്ന് വിദഗ്ധ പരിശോധനയ്ക്ക് അയച്ചേക്കും.
നേവിയുടെ അഞ്ച് ഇന്‍സാസ് വിഭാഗത്തില്‍പ്പെട്ട തോക്കുകളാണ് കോസ്റ്റല്‍ പോലീസ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി നേവിയില്‍നിന്നും കൈപ്പറ്റിയ 30 തിരകളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഇവയുടെ പരിശോധന ഫലത്തിനു ശേഷമായിരിക്കും സംഭവത്തില്‍ വ്യക്തത വരുകയുള്ളൂ.
മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഏഴിന് ഉച്ചക്ക് 12ഓടെയാണ് അല്‍ റഹ്മാന്‍ എന്ന വള്ളത്തിലെ തൊഴിലാളി ആലപ്പുഴ അന്ധകാരനഴി സ്വദേശി മണിച്ചിറയില്‍ സെബാസ്റ്റ്യന്‍(70) ന്‍റെ ചെവിക്ക് വെടിയേറ്റത്. വലതു ചെവിയിലാണ് വെടിയുണ്ട പതിച്ചത്. അപകടത്തിനിടയാക്കിയ വെടിയുണ്ട ബോട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. കൊച്ചി അഴിമുഖത്തിനു പടിഞ്ഞാറ് നാല് കിലോമീറ്റര്‍ അകലെ വച്ചായിരുന്നു സംഭവം. വള്ളത്തില്‍ 33 മത്സ്യത്തൊഴിലാളികള്‍ ഉണ്ടായിരുന്നു.