26.4 C
Pathanāmthitta
Thursday, May 5, 2022 8:57 pm

സെയില്‍സ് ടാക്സ് ഉദ്യോഗസ്ഥരെ നേരിടാന്‍ “ബിസ്മില്ലാഹ് ” ; കേരളത്തിലെ വ്യാപാരികളുടെ അഭിമാനം കാത്ത നേതാവ് – ഓർമയിൽ ടി നസറുദ്ദീന്‍

കൊച്ചി : കേരളത്തിലെ വ്യാപാരസമൂഹത്തിന് വിസ്മരിക്കാൻ കഴിയാത്ത നേതാവാണ് ടി നസറുദ്ദീന്‍. പതിറ്റാണ്ടുകളായി വ്യാപാരികളുടെ ശബ്ദവും കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ  പകരക്കാരനില്ലാത്ത അമരക്കാരനുമായിരുന്നു അദ്ദേഹം. വലിപ്പച്ചെറുപ്പം ഇല്ലാതെ മുഴുവന്‍ വ്യാപാരികളേയും വ്യവസായികളേയും ഒറ്റച്ചരടില്‍ കോര്‍ത്ത്‌ ഏകോപന സമിതിയെന്ന സംഘടനയെ ധീരമായി നയിക്കുവാന്‍ ടി നസറുദ്ദീനു കഴിഞ്ഞിരുന്നു.

വ്യാപാരികൾക്ക് സ്വന്തം മേൽവിലാസം ഉണ്ടാക്കികൊടുത്ത നേതാവ് എന്ന് തന്നെ അദ്ദേഹത്തെക്കുറിച്ച്  പറയുവാൻ കഴിയും. അതുകൊണ്ട്തന്നെ അദ്ദേഹത്തിന്റെ  വേർപാട് സൃഷ്ടിക്കുന്ന ശൂന്യത വളരെ വലുതാണ്. വ്യാപാരി വ്യവസായി ഏകോപന സമിതിയെ ശക്തമായി മുന്നോട്ട് കൊണ്ടുപോകുവാൻ അവസാന നിമിഷം വരെയും അദ്ദേഹത്തിന് കഴിഞ്ഞു. ഭരിക്കുന്ന പാർട്ടിയേതെന്ന് നോക്കാതെ എടുത്ത നിലപാടുകളാണ് മൂന്ന് പതിറ്റാണ്ടോളം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ നസറുദീന് കരുത്തായത്. പലതരത്തിലുള്ള ആക്ഷേപങ്ങളും ആരോപണങ്ങളും അദ്ദേഹത്തിനെതിരെ ഉയർന്നപ്പോൾ പോലും സമിതിയുടെ ശക്തി ഒട്ടും കുറയ്ക്കാതെ അദ്ദേഹം ഈ സംഘടനയെ മുൻപോട്ട് കൊണ്ടുപോയി. വ്യാപാരികൾക്ക് ഇന്ന് കിട്ടിയിട്ടുള്ള പല അവകാശങ്ങളും ഐതിഹാസികമായ സമരങ്ങളിലൂടെ ഏകോപന സമിതി നേടിയെടുത്തതാണ്. ഇതിനെല്ലാം നേത്രുത്വം കൊടുത്തതും ടി നസറുദ്ദീന്‍ എന്ന കര്‍മ്മയോഗിയാണ്.

ലോക്ഡൗൺ കാലത്ത് കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് മാസങ്ങളായി കടകൾ അടഞ്ഞ് കിടന്നതോടെ വ്യാപാരികളും പട്ടിണിയിലായി. വിലക്ക് ലംഘിച്ചും കടകൾ തുറക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്തു. എന്തു വന്നാലും ഇനിയൊരു കടയും അടച്ചിടാനില്ലെന്ന ടി നസറുദീന്റ പ്രഖ്യാപനത്തിന് മുന്നിൽ ഒടുവിൽ ഭരണകൂടത്തിനും വഴങ്ങേണ്ടി വന്നു. ഭരിക്കുന്ന പാർട്ടിയേതെന്ന് നോക്കി അഭിപ്രായം പറയാൻ നസറുദീൻ ശ്രമിച്ചിട്ടില്ല. നിലപാടുകൾ വെട്ടി തുറന്ന് പറഞ്ഞു. അഴിമതി ആരോപണങ്ങൾ ഉയർന്നപ്പോഴും കൊഴിഞ്ഞു പോക്കുണ്ടായപ്പോഴും പതറാതെ നിന്ന നസറുദീൻ അവസാന ശ്വാസം വരെയും സംഘടനയെ അതേ ശക്തിയോടെ മുന്നോട്ടു കൊണ്ടു പോയി.

കേരളത്തിലെ പല ജില്ലകളിലും വ്യാപാരികള്‍ക്ക് പ്രാദേശികമായി സംഘടനയുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാന തലത്തില്‍ ഈ സംഘടനകള്‍ക്ക് ഒരു കൂട്ടായ്മ്മ ഉണ്ടായിരുന്നില്ല. ഇക്കാലയളവില്‍ വ്യാപാരികള്‍ ഏറ്റവും കൂടുതല്‍ പീഡനത്തിന്‌ ഇരയായത് നികുതിവകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നാണ്. കടപരിശോധനയുടെ പേരില്‍ സെയില്‍ ടാക്സ് ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടമായിരുന്നു നടന്നിരുന്നത്. ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി എത്തുമ്പോള്‍  കടയുടമ ഇരിക്കുന്ന കസേരയില്‍ നിന്ന് എഴുന്നേറ്റ് മാറി ഉദ്യോഗസ്ഥര്‍ക്ക് ആ ഇരിപ്പിടം നല്കണമായിരുന്നു. പിന്നീട് മണിക്കൂറുകളോളം ഉദ്യോഗസ്ഥ അധീനതയിലായിരുന്നു ഈ സ്ഥാപനങ്ങള്‍. സെയില്‍സ് ടാക്സ് ഉദ്യോഗസ്ഥരുടെ പീഡനം വർധിച്ചു വന്നതോടെ ഉദ്യോഗസ്ഥർക്കെതിരെ സന്ധിയില്ലാസമരം ചെയ്യാൻ ടി നസറുദ്ദീന്‍ ആഹ്വാനം ചെയ്തു.

കടപരിശോധനയുടെ പേരില്‍ ഉദ്യോഗസ്ഥരുടെ തേര്‍വാഴ്ച ഇനി വെച്ചുപൊറുപ്പിക്കെണ്ടെന്നും കടയില്‍ കയറിയാല്‍ ” ബിസ്മില്ലാഹ് ” ചൊല്ലി രണ്ടെണ്ണം കൊടുക്കുവാനും ടി നസറുദ്ദീന്‍ വ്യാപാരികളെ ആഹ്വാനം ചെയ്തു. നസറുദ്ദീന്റെ ശക്തമായ പിന്തുണ കടയുടമകൾക്ക് ധൈര്യം പകരുകയും സമരത്തിന് മുന്നോട്ട് പോകാൻ പ്രചോദനം നൽകുകയും ചെയ്തു. കേരളത്തില്‍ അങ്ങോളമിങ്ങോളം വ്യാപാരികളും ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷമായി. ഇത് തെരുവിലേക്ക് വരെ നീണ്ടു,നൂറുകണക്കിന് വ്യാപാരികള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. കേസുകളും കള്ളക്കേസുകളും വ്യാപാരികളുടെമേല്‍ ചുമത്തി കോടതി കയറ്റി. അപ്പോഴും അണികള്‍ക്ക് ആവേശം നല്‍കിക്കൊണ്ട് ടി നസറുദ്ദീന്‍ എന്ന ധീരനേതാവ് പോര്‍മുഖത്തുതന്നെ ഉണ്ടായിരുന്നു. സമരം രൂക്ഷമായി മാസങ്ങളോളം നീണ്ടു. ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന് വ്യാപാരികളും ഉറപ്പിച്ചതോടെ സര്‍ക്കാര്‍ മുട്ടുമടക്കി. കടപരിശോധനയുടെ പേരിലുള്ള പീഡനത്തിന്‌ ഇതോടെ വിരാമം കുറിക്കുകയായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ചരിത്രത്തിലെ അതിപ്രധാന സമരങ്ങളില്‍ ഒന്നായിരുന്നു സെയില്‍സ് ടാക്സ് സമരം.

പല സമരങ്ങളിലും അവസാനവാക്ക് ടി നസറുദ്ദീന്റേത് തന്നെയായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതിയ്ക്ക് കെട്ടുറപ്പ് ഉണ്ടാക്കി നൽകിയ നേതാവായിരുന്നു ടി നസറുദ്ദീൻ. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഉടമസ്ഥതയില്‍ വയനാട്ടില്‍  മെഡിക്കൽ കോളേജ് തുടങ്ങുവാന്‍ പദ്ധതി ഇട്ടെങ്കിലും അത് പാതിവഴിയില്‍ ഉപേക്ഷിച്ചു. മംഗളം പത്രത്തിൽ പങ്കാളിത്വം നേടിയെങ്കിലും അതും ഉപേക്ഷിക്കേണ്ടിവന്നു. വിജയം കൈവരിക്കാതെ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്ന പദ്ധതികള്‍ പലതുണ്ടെങ്കിലും ഏകോപനസമിതി ടി നസറുദ്ദീനെ കൈവിട്ടില്ല. ആരോപണങ്ങളെയും എതിര്‍ ശബ്ദങ്ങളെയും നിശബ്ദമാക്കുവാനും നസറുദ്ദീന് പ്രത്യേക കഴിവ് തന്നെയുണ്ടായിരുന്നു.

ടി നസറുദ്ദീന്‍ ഇന്ന് വിടവാങ്ങുമ്പോള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം നൂറുകണക്കിന് വ്യാപാര ഭവനുകള്‍ , വസ്തുവകകൾ, ഷോപ്പിംഗ് കോംപ്ലക്സ്‌കള്‍, ബഹുനില കെട്ടിടങ്ങൾ, 14 ജില്ലകളിലുമായി പതിനായിരക്കണക്കിന് അംഗങ്ങള്‍ – ഇവയാണ് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സമ്പാദ്യം. കേരളത്തിലെ അതി സമ്പന്നമായ ഒരു സംഘടനയായി എകോപനസമിതിയെ മാറ്റിയെടുത്തതില്‍ ടി നസറുദ്ദീന്റെ പങ്ക് ചെറുതല്ല. ഈ സമയത്ത് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി അലക്സ് എം ചാക്കോയെ വിസ്മരിക്കാൻ കഴിയില്ല. അലക്സ് എം ചാക്കോയുടെ വികാരപരമായ പ്രസംഗങ്ങളും ടി നസറുദ്ദീന്റെ നേതൃത്വപാടവുമാണ് വ്യാപാരികളെ ഏകോപനസമിതിയിലേക്ക് ആകര്‍ഷിച്ചത് എന്ന് നിസ്സംശയം പറയാം.

സംഘടനയില്‍ വിമത ശബ്ദങ്ങൾ ഉണ്ടായെങ്കിലും തന്ത്രപരമായി അതിനെയെല്ലാം അതിജീവിക്കുവാന്‍  അദ്ദേഹത്തിന് കഴിഞ്ഞു. മാത്രമല്ല താൻ ഉള്ളപ്പോൾ മറ്റൊരാളെ തന്റെ സ്ഥാനത്തേക്ക് അവരോധിക്കാനും അദ്ദേഹം തയ്യാറായിരുന്നില്ല. ഏകോപന സമിതിയെ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കിയത് ഹസ്സൻ കോയയുമായുണ്ടായ അഭിപ്രായ വ്യത്യാസമാണ്. നീണ്ട ഇടവേളയ്ക്കു ശേഷം കഴിഞ്ഞയിടെയാണ് ഹസ്സൻ കോയയുമായി സന്ധി ചേര്‍ന്നത്‌. ഗ്രൂപ്പുകള്‍ക്ക് പ്രസക്തിയില്ലെന്നും ഇനിയും ഒന്നിച്ചു നീങ്ങുവാനും ഇരുവരും ധാരണയില്‍ എത്തിയിരുന്നു.

ആയിരക്കണക്കിന് വ്യാപാരികളുടെ നിർലോഭമായ പിന്തുണയും കോടികൾ വിലമതിക്കുന്ന സ്വത്തുവകകളും ഏകോപന സമിതിയെ മറ്റു സംഘടനകളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. ഏകോപന സമിതിയുടെ ശക്തിയില്‍ വിറളിപിടിച്ച ഇടതുപക്ഷം വ്യാപാരി വ്യവസായി സമിതി രൂപീകരിച്ചുകൊണ്ട്  പൊരുതിയെങ്കിലും അത്ര വിജയിക്കാൻ കഴിഞ്ഞില്ല. മൂന്നു പതിറ്റാണ്ടിനിടെ രണ്ട് തവണ മാത്രമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൽസരം നടന്നത്. അന്നെല്ലാം നിഷ്പ്രയാസം ജയിച്ചു കയറാനും നസറുദീനായി.

1944 ഡിസംബർ 25 ന് കോഴിക്കോട് കൂടാരപ്പുരയിൽ ടി കെ മുഹമ്മദിന്റെയും അസ്മാബിയുടേയും ആറാമത്തെ മകനായി ജനിച്ച നസറുദീൻ കോളജ് വിദ്യാഭ്യാസത്തിന് ശേഷം വ്യാപാരമേഖലയിലേക്ക് കടക്കുകയായിരുന്നു. 1980 ൽ മലബാർ ചേംബർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറിയായാണ് സംഘടന പ്രവർത്തനം തുടങ്ങിയത്. 1985 ൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായ നസറുദീൻ 1991 ലാണ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നത്. ഭാരത വ്യാപാര സമിതി അംഗം, വാറ്റ് ഇംപ്ലിമെൻറേഷൻ കമ്മിറ്റി മെമ്പർ, വ്യാപാരി ക്ഷേമനിധി വൈസ് ചെയർമാൻ, കേരള മർക്കൻറയിൽ ബാങ്ക് ചെയർമാൻ, ഷോപ് ആൻറ് കോമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്‌മെൻറ് ക്ഷേമനിധി ബോർഡ് മെമ്പർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

- Advertisment -
- Advertisment -
Advertisment
- Advertisment -

Most Popular