നെടുങ്കണ്ടം : രാജ്കുമാർ കസ്റ്റഡി മരണക്കേസിൽ വഴിത്തിരിവായേക്കാവുന്ന വെളിപ്പെടുത്തലുമായി സിവിൽ പോലീസ് ഓഫീസർ. നിലവിൽ സസ്‌പെൻഷനിലുള്ള വണ്ടൻമേട് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പി.ജെ.ജോർജുകുട്ടിയാണ് സംഭവം നടന്ന് ഒരു വർഷത്തിനുശേഷം പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
നെടുങ്കണ്ടത്തെ സ്‌പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ വനരാജിന്റെ ക്വാർട്ടേഴ്‌സ് ആക്രമിച്ചെന്ന കേസിലാണ് ഇയാൾ സസ്‌പെൻഷൻ നടപടി നേരിടുന്നത്. എന്നാൽ രാജ്കുമാർ കേസിൽ ബോധ്യമില്ലാത്ത മൊഴി നൽകാൻ ആവശ്യപ്പെട്ടത് സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ വനരാജാണെന്ന് ഇയാൾ പറയുന്നു. ആ ദിവസങ്ങളിൽ താൻ അവധിയിലായിരുന്നതിനാൽ അതിന് തയ്യാറായില്ല. ഇതിന്റെ വൈരാഗ്യത്തിലാണ് തനിക്കെതിരെ വ്യാജക്കേസുണ്ടാക്കിയതെന്നാണ് ജോർജുകുട്ടിയുടെ വാദം.
ക്വാർട്ടേഴ്‌സിലെത്തിയ തന്നെ വനരാജാണ് അസഭ്യം പറയുകയും വാക്കത്തിക്ക് ആക്രമിക്കുകയും ചെയ്തത്. എന്നാൽ നെടുങ്കണ്ടം പോലീസ് തനിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നെന്നും ജോർജുകുട്ടി പറഞ്ഞു. അക്രമത്തിൽ പരിക്കേറ്റ് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിട്ടും ഇന്റിമേഷൻ നൽകിയിട്ടും നെടുങ്കണ്ടം പോലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നും ആരോപണമുണ്ട്. തുടർന്ന് ജില്ലാ കോടതിയിൽനിന്ന് ജാമ്യമെടുത്തശേഷം നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുകയായിരുന്നെന്നും ജോർജുകുട്ടി പറഞ്ഞു.