റാന്നി: രക്താർബുദം ബാധിച്ച് തിരുവനന്തപുരം റീജണൽ കാൻസർ സെൻററിൽ (ആർ.സി.സി) ചികിത്സയിൽ കഴിയുന്ന യുവതിയായ വീട്ടമ്മ മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സുമനസുകളുടെ കാരുണ്യം തേടുന്നു. റാന്നി പഴവങ്ങാടി മാമ്മുക്ക് പരുത്തിയിൽ വീട്ടിൽ മുരളീധരൻ നായരുടെ ഭാര്യ മായ മുരളീധരൻ(46)ആണ് അക്യൂട്ട് മൈലോയിഡ് ലുക്കീമിയ ബാധിച്ചു ചികിത്സയിൽ കഴിയുന്നത്. മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി 30 ലക്ഷത്തിലധികം രൂപ ചിലവ് പ്രതീക്ഷിക്കുന്നു.
ഇവരുടെ മക്കൾ മൂവരും വിദ്യാർത്ഥികളാണ്. സ്വയം തൊഴിൽ സംരംഭവുമായി ഉപജീവനം നടത്തിവരുന്ന കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയതിനാൽ സഹായഹസ്തവുമായി നാട്ടുകാർ ചികിത്സാ സഹായ സമിതി രൂപീകരിച്ചു. മകൻ ഹരി കൃഷ്ണൻ പി.എം. പേരിൽ റാന്നി ഇന്ത്യൻ ബാങ്കിൽ ഉള്ള 6840627260 എന്ന അക്കൗണ്ടിലേക്ക് (IFSC കോഡ് -IDIB000N104) സാമ്പത്തിക സഹായം നല്‍കുക. ഗുഗിൾ പേ നമ്പർ 9746972914 മുഖേനയും പണം നല്‍കാം.
ഗ്രാമപഞ്ചായത്ത് അംഗം ബിനിറ്റ് മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ജെസ്സി അലക്സ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ അനിൽ കുമാർ, ഫാ.ബെൻസി മാത്യു കിഴക്കേതിൽ, പി.എൻ.നീലകണ്ഠൻ നമ്പൂതിരി, അജു വളഞ്ഞൻതുരുത്തിൽ, പ്രൊഫ.പി.ജി.പ്രസാദ്, കെ.ഗോപാലകൃഷ്ണകുറുപ്പ്, ഏൻ.മാധവൻ നമ്പൂതിരി, ബാബു തേക്കാട്ടിൽ, പി.എൻ.സുകുമാരൻ, സന്തോഷ് കുമാർ, നിഷ രാജീവ്, എൽസി മാത്യു, മിനി കൃഷ്ണൻ എന്നിവർ പങ്കെടുത്തു.