കോന്നി : ലോക്ഡൌൺ കാലത്ത് അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലും കല്ലാറ്റിലും വിനോദ സഞ്ചാരികൾ എത്തിയില്ലെങ്കിലും കല്ലാറിൻ്റെ കരകളിൽ മണിമരുത് ഇത്തവണയും പതിവ് തെറ്റിക്കാതെ പൂത്തുലഞ്ഞു. നദിയുടെ ഇരുകരകളിലും പിങ്ക് നിറത്തിൽ പൂത്തുലഞ്ഞ് നിൽക്കുന്ന മണിമരുത് പൂവുകളിൽ നിന്നും തേൻ നുകരവുവാൻ എത്തുന്ന ചിത്രശലഭങ്ങളും പക്ഷികളും തേനീച്ചകളും കുറവല്ല.
ലോക്ഡൌൺ കാലമല്ലായിരുന്നെങ്കിൽ ഇത് സഞ്ചാരികളിലും കൗതുകമുണർത്തിയേനെ. കല്ലാറ്റിലെ വെള്ളത്തിലേക്ക് ചാഞ്ഞ് കിടക്കുന്ന മണിമരുത് മരത്തിൻ്റെ ചില്ലകളിലാണ് പൂക്കൾ ഏറെയും വിടർന്നത്. നനവാർന്ന ഈർപ്പ മരങ്ങളിൽ കാണപ്പെടുന്ന മണിമരുത് ലെഗർസ്ട്രോമിയ റിജിനെ എന്നാണ് ശാസ്ത്രീയമായി അറിയപ്പെടുന്നത്. ഇൻ്റ്യ ഉൾപ്പെടെ ശ്രീലങ്ക, ബർമ്മ, മലയ എന്നിവടങ്ങളിലാണ് ഇത് പ്രധാനമായും വളരുന്നത്.
മരുത്, മരുതി, പീമരുത്, പേമരുത്, പിളമരുത്, പിള്ളൈമരുത്, പൂമരിത, പുലമരു തുടങ്ങി മലയാളത്തിലും അടമരുത്, പീകടുക്കൈ, പിള്ളമരുത്, പുൽവായ്, വെൺമരുത്, വെടമരുത് എന്നിങ്ങനെ തമിഴിലും മണിമരുത് അറിയപ്പെടുന്നുണ്ട്. 30 മുതൽ 35 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ മരത്തിൻ്റെ ഇലകൾക്ക് 22 സെൻ്റീമീറ്റർ നീളവും ഒൻപത് സെൻ്റീമീറ്റർ വീതിയുമുണ്ട്. ഏപ്രിൽ, മേയ് മാസങ്ങളിൽ പൂക്കുന്ന മണിമരുത് പൂക്കൾ ഭംഗികൊണ്ട് ആരെയും ആകർഷിക്കുന്നതാണ്. ഈടും ബലവുമുള്ള മണിമരുതി തടി നിർമ്മാണ പ്രവർത്തികൾക്കും വിറകിനും കരിനിർമ്മാണത്തിനും ഉപയോഗിക്കുന്നുണ്ട്.