നീറ്റ് പരീക്ഷാ ക്രമക്കേട് : എ.ഐ.സി.സി നിര്‍ദ്ദേശ പ്രകാരം കോണ്‍ഗ്രസിന്റെ സമര പരമ്പരകള്‍ ആരംഭിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നും ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്ത് നിയമനടപടിക്ക് വിധേയമാക്കണമെന്നും ആവശ്യപ്പെട്ട് എ.ഐ.സി.സി നിര്‍ദ്ദേശ പ്രകാരം പത്തനംതിട്ട ജില്ലയില്‍ വിവിധ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അറിയിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ്‌ കൊച്ചുപറമ്പില്‍ പത്തനംതിട്ടയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഈ കാര്യം അറിയിച്ചത്. ലക്ഷക്കണക്കിന് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതീക്ഷയായ നീറ്റ് പരീക്ഷ തുടര്‍ച്ചയായി വിവാദങ്ങളില്‍പ്പെടുന്നത് രാജ്യത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്. ചോദ്യപേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടുകളും കാരണം പരീക്ഷകള്‍ റദ്ദാക്കേണ്ടി വരുന്നത് ഭരണ സംവിധാനത്തിന്റെ  പരാജയമാണ് കാണിക്കുന്നത്. കോടികള്‍ വാങ്ങി ചോദ്യപേപ്പറുകള്‍ മുന്‍കൂട്ടി വില്‍ക്കുന്ന മാഫിയകള്‍ രാജ്യത്ത് സജീവമാണ്.

രാത്രി പകലാക്കി കഷ്ടപ്പെട്ട് പഠിക്കുന്ന സാധാരണക്കാരായ വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങളാണ് ഇവിടെ തകരുന്നത്. പണമുള്ളവര്‍ക്ക് മെഡിക്കല്‍ സീറ്റുകള്‍ വില്‍ക്കപ്പെടുന്ന അവസ്ഥയുണ്ടാകുന്നു. പരീക്ഷകള്‍ എഴുതി ഫലം കാത്തിരിക്കുന്ന ലക്ഷക്കണക്കിന് കുട്ടികളെ വീണ്ടും പരീക്ഷ എഴുതാന്‍ നിര്‍ബന്ധിതരാക്കുമ്പോള്‍ അവര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം വാക്കുകള്‍ക്ക് അതീതമാണ്. വിദ്യാര്‍ത്ഥികള്‍ നിരാശ മൂലം ആത്മഹത്യയിലേക്ക് വരെ നീങ്ങുന്നു. വിദ്യാര്‍ഥികളുടെ ആത്മഹത്യാ നിരക്ക് 65% ആണ് വര്‍ദ്ധിച്ചത്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പോലുള്ള ഏജന്‍സിയെ ഇത്രയും വലിയ പരീക്ഷകള്‍ ഏല്‍പ്പിച്ചതാണ് പ്രധാന പാളിച്ചയായത്. ഒരു കേന്ദ്രത്തില്‍ നിന്നുണ്ടാകുന്ന വീഴ്ച്ച രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ബാധിക്കുന്നു. സ്കൂള്‍ വിദ്യാഭ്യാസത്തിന് യാതൊരു വിലയും ഇല്ലാത്ത അവസ്ഥയായി മാറിയിരിക്കുന്നു.

വന്‍കിട കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ലക്ഷങ്ങള്‍ കൊടുത്ത് പഠിക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രം മത്സരപരീക്ഷകള്‍ ജയിക്കാന്‍ കഴിയുന്ന രീതിയിലേക്ക് വിദ്യാഭ്യാസം ഒരു ‘കച്ചവടമായി’ മാറി. ഹോസ്റ്റല്‍, കോച്ചിംഗ് പുസ്തകം, ഫീസ്, എന്നീ ഇനത്തില്‍ ശരാശരി ഒരു വിദ്യാര്‍ത്ഥിയുടെ നീറ്റ് കോച്ചിംഗ് ചിലവ് മാത്രം ഒരു വര്‍ഷം 6 ലക്ഷം രൂപയ്ക്ക് മുകളില്‍ വരും. ഏതാണ്ട് നാല് വര്‍ഷത്തോളം കോച്ചിങ്ങിനായി സമയം ചിലവഴിക്കുന്നുണ്ട് നമ്മുടെ വിദ്യാര്‍ത്ഥികള്‍. അങ്ങനെ നോക്കിയാല്‍ ഒരാള്‍ക്ക് 20 ലക്ഷം രൂപയ്ക്ക് മുകളില്‍ ചിലവ് വരും. ഇന്ത്യയിലെ ഇത്തരം കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ബിസിനസുകള്‍ എല്ലാം കൂടി നേടുന്നത് വര്‍ഷം ഏതാണ്ട് 1.32 ലക്ഷം കോടി രൂപയാണ്. രാജ്യത്തെ ആകെ വിദ്യാഭ്യാസ ബഡ്ജറ്റ് 1.4 ലക്ഷം കോടിയാണ് എന്ന് ആലോചിക്കണമെന്നും പ്രൊഫ. സതീഷ്‌ കൊച്ചുപറമ്പില്‍ പറഞ്ഞു.

പത്തുവര്‍ഷം മുമ്പ് മൊത്തം ബഡ്ജറ്റിന്റെ 4.7 ശതമാനം ആയിരുന്നു വിദ്യാഭ്യാസ വകുപ്പിനായി നീക്കിവെച്ചിരുന്നത്, എന്നാല്‍ ഇന്ന് അത് 2.4 ശതമാനം മാത്രമാണ്. വിദ്യാഭ്യാസം സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാവുന്ന കണ്‍കറണ്ട് ലിസ്റ്റില്‍ ഉള്ളതാണെങ്കിലും സംസ്ഥാനങ്ങളുടെ താല്പര്യങ്ങളോ പ്രാദേശികമായ വ്യത്യാസങ്ങളോ പരിഗണിക്കാതെയുള്ള എല്ലാ കാര്യങ്ങളും കേന്ദ്രം ഏകപക്ഷീയമായി തീരുമാനിക്കുന്നു. ഇത് ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭീഷണിപ്പെടുത്തി കാര്യം നേടാന്‍ ശ്രമിക്കുകയാണ്. നീറ്റ് പരീക്ഷയില്‍ മാത്രമല്ല, സി.ബി.എസ്.ഇ, യു.പി.എസ്.സി തുടങ്ങിയ പ്രമുഖ പരീക്ഷകളില്‍ പോലും സമീപകാലത്തായി ക്രമക്കേടുകളും അപാകതകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

ഇത് രാജ്യത്തെ പരീക്ഷാ ബോര്‍ഡുകളുടെ വിശ്വാസ്യത പൂര്‍ണ്ണമായും തകര്‍ത്തു. സ്കൂള്‍ വിദ്യാഭ്യാസത്തിലേക്ക് പ്രവേശിക്കുന്ന ആയിരം കുട്ടികളില്‍ 12 പേര്‍ക്ക് മാത്രമാണ് മാന്യമായ ശമ്പളമുള്ള സ്ഥിരതയുള്ള ജോലി ലഭിക്കുന്നത്. 691 പേര്‍ താല്‍ക്കാലികവും സുരക്ഷിതമല്ലാത്തതുമായ ജോലികളും, സ്വയംതൊഴിലും ആശ്രയിച്ചാണ് കഴിയുന്നത്. 297 പേര്‍ ജോലി ഒന്നും ലഭിക്കാതെ നിരാശരായി കടക്കെണിയില്‍ മുങ്ങുന്നു. തുടര്‍ച്ചയായുള്ള ചോദ്യപേപ്പര്‍ ചോര്‍ച്ചകളും വര്‍ദ്ധിച്ചു വരുന്ന പരീക്ഷാ ഫീസും കാരണം രാജ്യത്തെ ലക്ഷക്കണക്കിന് യുവാക്കളുടെ ഭാവിയാണ് തുലാസിലായിരിക്കുന്നത്. സുതാര്യമായി പരീക്ഷ നടത്തുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു.

കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ വികേന്ദ്രീകരിക്കുക, വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫീസ് ഒഴിവാക്കുക, സി.ബി.എസ്.ഇ മൂല്യനിര്‍ണയ വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നീതി ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ട് കോണ്‍ഗ്രസിന്റെയും മഹിളാ കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും കെ.എസ്.യു.വിന്റെയും നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിവിധ രീതിയിലുള്ള പ്രതിഷേധ പരിപാടികള്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വരും ദിവസങ്ങളില്‍ സംഘടിപ്പിക്കുമെന്നും ഡി.സി.സി ഭാരവാഹികള്‍ പറഞ്ഞു. ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാര്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ.ഷംസുദ്ദീന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...