കോന്നി : ഭർതൃഗ്രഹത്തിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപെട്ട് യുവതിയുടെ കുടുംബം രംഗത്തെത്തി. ളാക്കൂർ വഞ്ചിപ്പാറ വീട്ടിൽ നീതു എസ് രാജ് (30) നെയാണ് തൃശൂർ ഒല്ലൂർ കല്ലൂർകാട് ജിമ്മി ജോർജിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്‌ച്ച ആണ് സംഭവം നടന്നത്. സിനിമ മേഖലയിൽ ജോലി ചെയുന്ന ആളാണ് ജിമ്മി. ആറ് വർഷത്തോളമായി ഇവർ വിവാഹിതരായിട്ട്. മരിക്കുന്നതിന് തൊട്ടുമുൻപുള്ള ദിവസം നീതു ഭർത്താവ് തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുമായിരുന്നു എന്നും ഉപദ്രവം ഓരോ ദിവസവും കൂടി വരുന്നു എന്നും കാണിച്ചുകൊണ്ട് നീതുവിന്റെ വീട്ടുകാർക്കും അടുത്ത കൂട്ടുകാർക്കും ശബ്ദ സന്ദേശങ്ങളും വീഡിയോ ക്ലിപ്പുകളും അയച്ചിരുന്നു.
യുവതിയുടെ ശരീരത്തിൽ ഭർത്താവ് ഉപദ്രവിച്ചതിന്റെ മുറിവുകൾ ഉൾപ്പെടെ അടങ്ങുന്നതായിരുന്നു വീഡിയോ ദൃശ്യങ്ങൾ. മുൻപും നീതുവിനെ പല തവണ ഇയാൾ ഉപദ്രവിച്ചിരുന്നതായും പറയുന്നു. സംഭവത്തെ തുടർന്ന് ഭർത്താവ് ജിമ്മി ജോർജിനെ ഒല്ലൂർ പോലീസ് കസ്റ്റഡിയിൽ എടുത്ത് ജാമ്യത്തിൽ വിട്ടിരുന്നു. എന്നാൽ സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപെട്ട് യുവതിയുടെ ബന്ധുക്കൾ രംഗത്ത് എത്തിയിട്ടുണ്ട്. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണം എന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യുവതിയുടെ കുടുംബം ആവശ്യപ്പെട്ടു.