ന്യൂഡൽഹി: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ വന്‍ രക്ഷാ ദൗത്യത്തിനൊരുങ്ങി ഇന്ത്യ. രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യയുടെ വ്യോമസേന വിമാനങ്ങള്‍ നേപ്പാളില്‍ എത്തിയിട്ടുണ്ട്. മിഗ് 17, ധ്രുവ് ഹെലികോപ്റ്ററുകള്‍ അടക്കം സജ്ജമാണെന്ന് ഇന്ത്യ അറിയിച്ചു. പ്രളയത്തില്‍ മലയാളികള്‍ അടക്കം 133 ഇന്ത്യക്കാരെ കാണാതായിട്ടുണ്ട്. വിനോദസഞ്ചാരികളെയാണ് കൂടുതലായും കാണാതായത്. ഇതിനിടെ ഇന്ത്യ 10 ടൺ മാനുഷിക സഹായവും അവശ്യ മരുന്നുകളും നേപ്പാളിലേക്ക് അയച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചു. ഇന്ത്യൻ വ്യോമസേനയുടെ (IAF) C-130J വിമാനത്തിലാണ് സഹായസാമഗ്രികൾ എത്തിച്ചത്. താൽക്കാലിക അഭയകേന്ദ്രങ്ങൾ, പുതപ്പുകൾ, ശുചിത്വ കിറ്റുകൾ, സൗരോർജ വിളക്കുകൾ, മരുന്നുകൾ തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്കുള്ള സാമഗ്രികളാണ് സഹായത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ‘ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോടും ദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാവരോടും ഞങ്ങളുടെ ചിന്തകളും അനുശോചനവും പങ്കുവെക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ നേപ്പാളിനും അവിടുത്തെ ജനങ്ങൾക്കുമൊപ്പം ഉറച്ചുനിൽക്കുന്നു’ എന്നായിരുന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രി എക്സിൽ കുറിച്ചത്.
ഇന്ത്യ നൽകിയ സഹായത്തിന് നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ നന്ദി അറിയിച്ചു. ‘ബഹുമാനപ്പെട്ട വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനും ഇന്ത്യാ സർക്കാരിനും നന്ദി. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി ഉദാരമായ മാനുഷിക സഹായവും നിർണായകമായ മെഡിക്കൽ സാമഗ്രികളും നൽകിയതിന് നന്ദി. ഈ പ്രയാസകരമായ ഘട്ടത്തിൽ ഇന്ത്യ അതിവേഗം നൽകിയ സഹായം ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തിന്റെയും പരസ്പര ഐക്യദാർഢ്യത്തിന്റെയും പ്രതിഫലനമാണ്’ എന്നായിരുന്നു നേപ്പാൾ വിദേശകാര്യമന്ത്രി എക്സിൽ കുറിച്ചത്.































