ന്യൂഡൽഹി : മിന്നൽപ്രളയത്തിൽ ദുരന്തമനുഭവിക്കുന്ന നേപ്പാളിന് തുണയായി ഇന്ത്യ 10 ടൺ ദുരിതാശ്വാസ സാമഗ്രികളും (HADR) അത്യാവശ്യ മരുന്നുകളും അയച്ചു. ഈ അടിയന്തിര സഹായങ്ങൾ കാഠ്മണ്ഡുവിൽ എത്തിയതായും ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി കൂടുതൽ സഹായങ്ങൾ ഒരുക്കുന്നുണ്ടെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചു. ഈ കടുത്ത പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ നേപ്പാളിനൊപ്പം ഉറച്ചുനിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷായ്ക്ക് ഉറപ്പുനൽകി. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകാൻ ഇന്ത്യ സന്നദ്ധമാണെന്ന് വ്യക്തമാക്കി.
രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഇരു രാജ്യങ്ങളിലെയും ഔദ്യോഗിക സംഘങ്ങൾ വളരെ അടുത്ത ഏകോപനത്തോടെയാണ് നിലവിൽ പ്രവർത്തിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷാ നന്ദി പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യയുടെ സഹായവാഗ്ദാനം രാജ്യങ്ങൾ തമ്മിലുള്ള ശാശ്വത സൗഹൃദബന്ധത്തിന്റെ പ്രതിഫലനമാണെന്നും അതിനെ അഗാധമായി വിലമതിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയ്ക്ക് പുറമെ നിരവധി ആഗോള നേതാക്കളും രാജ്യങ്ങളും നേപ്പാളിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. നേപ്പാളിലെ ജനങ്ങൾക്കായി പ്രാർത്ഥനയോടെ ഒപ്പമുണ്ടെന്നും മാനുഷിക സഹായങ്ങൾ നൽകാൻ തങ്ങൾ സന്നദ്ധമാണെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി.
അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ യൂറോപ്യൻ യൂണിയനും തയ്യാറെടുപ്പ് അറിയിച്ചിട്ടുണ്ട്. നേപ്പാളിലെയും ചൈനയിലെയും വിനാശകരമായ പ്രളയവാർത്തയിൽ കടുത്ത ദുഃഖം രേഖപ്പെടുത്തിയ ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ്, രക്ഷാപ്രവർത്തകർക്ക് ധൈര്യം പകരുകയും തങ്ങളുടെ പിന്തുണ ഉറപ്പുനൽകുകയും ചെയ്തു. ദുരന്തബാധിതരെ സഹായിക്കാനായി ഐക്യരാഷ്ട്രസഭയും നേപ്പാൾ സർക്കാരിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്കൊപ്പം ചേർന്നിട്ടുണ്ട്. ദുരന്തത്തിന്റെ വ്യാപ്തി വിലയിരുത്താനും അടിയന്തിര സഹായങ്ങൾ എത്തിക്കാനും യു.എൻ സംഘങ്ങളും സജീവമായി രംഗത്തുണ്ടെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അറിയിച്ചു.
































