കാഠ്മണ്ഡു: രാജ്യത്ത് പൗരത്വ നിയമം നടപ്പിലാക്കാനൊരുങ്ങി നേപ്പാള്‍ സര്‍ക്കാര്‍. പ്രാരംഭ നടപടിയായി പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരി പൗരത്വ നിയമ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. എന്നാല്‍ ഭരണഘടന ഭേദഗതി 114(1) അനുസരിച്ചാണ് നേപ്പാളില്‍ പൗരത്വ നിയമ ഭേദഗതി നടപ്പാക്കിയത്.
പാര്‍ലമെന്റ് പിരിച്ചുവിട്ട നടപടിക്ക് പിന്നാലെയാണ് പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച് ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. നേപ്പാളില്‍ ജനിച്ച എല്ലാ പൗരന്മാര്‍ക്കും പൗരത്വരേഖ നല്‍കുന്ന നടപടി പൂര്‍ത്തീകരിക്കും. അതേസമയം അച്ഛന്‍ നേപ്പാള്‍ സ്വദേശി അല്ലെങ്കിലും നേപ്പാള്‍ സ്വദേശിനികളായ അമ്മമാര്‍ക്ക് ജനിച്ച കുട്ടികള്‍ക്കും നേപ്പാള്‍ പൗരത്വത്തിന് അവകാശ മുണ്ടെന്നും ഭരണഘടന ഭേദഗതിയില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ അത്യന്താപേക്ഷിതമായ നടപടി ഇനിയും വൈകിക്കുന്നത് ശരിയല്ലെന്ന നിലപാടാണ് പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരി സ്വീകരിച്ചത്. എന്നാല്‍ നേപ്പാള്‍ പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കും മുമ്പ് കെ.പി.ശര്‍മ്മ ഒലിക്കുള്ള പിന്തുണ നല്‍കാന്‍ രണ്ടു സംഘടനകള്‍ മുന്നോട്ട് വെച്ച ആവശ്യം പൗരത്വ നിയമ ഭേദഗതിയായിരുന്നു.
ജനതാ സമാജ് വാദി പാര്‍ട്ടി നേതാക്കളായ മഹന്ത താക്കൂര്‍, രാജേന്ദ്ര മഹാതോ എന്നിവരാണ് പൗരത്വ നിയമ ഭേദഗതി മുന്നോട്ടു വെച്ചത്. പാര്‍ട്ടികള്‍ക്കിടയിലെ അഭിപ്രായ ഭിന്നത കാരണം രണ്ടു വര്‍ഷമായി ബില്ല് സഭയില്‍ പാസാക്കാന്‍ സാധിക്കാതെ പോവുകയായിരുന്നു. പാര്‍ലമെന്റ് പിരിച്ചുവിട്ടതിനാല്‍ നവംബര്‍ 12നും 19നുമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം.