തിരുവനന്തപുരം : തന്റെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്തുനല്‍കിയ സംഭവത്തില്‍ അമ്മ അനുപമ ഹൈക്കോടതിയിലേക്ക്. വഞ്ചിയൂര്‍ കുടുംബ കോടതിയിലെ ദത്ത് നടപടികള്‍ റദ്ദാക്കണമെന്നാണ് ആവശ്യം. നാളെ ഹേബിയസ് കോര്‍പസ് ഹര്‍ജിയും ഫയല്‍ ചെയ്യും. അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത,സഹോദരി, സഹോദരിയുടെ ഭര്‍ത്താവ്, ജയചന്ദ്രന്റെ രണ്ട് സുഹൃത്തുക്കള്‍ ഉള്‍പ്പടെയുള്ളവരെ പോലീസ് ഉടന്‍ ചോദ്യം ചെയ്യും.
അതേസമയം സംഭവത്തില്‍ വനിത-ശിശുവികസന വകുപ്പ് നടത്തുന്ന അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് നല്‍കിയേക്കില്ല. കൂടുതല്‍ ജീവനക്കാരുടെ മൊഴിയെടുത്ത ശേഷമായിരിക്കും പ്രാഥമിക റിപ്പോര്‍ട്ട് നല്‍കുക എന്നാണ് സൂചന. ശിശുക്ഷേമ സമിതിയ്ക്കും, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയ്ക്കും ഗുരുതര വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തല്‍. പ്രാഥമിക റിപ്പോര്‍ട്ട് ഞായറാഴ്ച സമര്‍പ്പിക്കും എന്നായിരുന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്നലെ പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22 ന് പ്രസവിച്ച ശേഷം ആശുപത്രിയില്‍ നിന്ന് മടങ്ങും വഴി തിരുവനന്തപുരം ജഗതിയില്‍ വച്ച് അമ്മയും അച്ഛനും ചേര്‍ന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നായിരുന്നു അനുപമയുടെ പരാതി. ഏപ്രില്‍ 19 ന് പേരൂര്‍ക്കട പോലീസിലാണ് അനുപമ ആദ്യം പരാതി നല്‍കിയത്. പിന്നീട് ഡി ജി പി, മുഖ്യമന്ത്രി, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, സി .പി.എം നേതാക്കള്‍ തുടങ്ങി പലര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് ആരോപണം.