കൊടുമൺ : കൊടുമൺ കലഞ്ഞൂർ ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിന് പുതിയ കെട്ടിടവും ആധുനിക ലബോറട്ടറി സംവിധാനങ്ങളും നിർമിക്കാൻ സംസ്ഥാന സർക്കാർ രണ്ടുകോടി 50 ലക്ഷം രൂപ അനുവദിച്ചു. രണ്ട് കോടി രൂപ പുതിയ കെട്ടിടം നിർമിക്കാനും 50 ലക്ഷം രൂപ ആധുനിക നിലവാരത്തിലുള്ള ലബോറട്ടറി സംവിധാനങ്ങൾ ഒരുക്കാനുമാണ്. ഒമ്പതിന് വൈകിട്ട് നാലിന് സ്കൂൾ അങ്കണത്തിൽ ചേരുന്ന യോഗത്തിൽ മന്ത്രി കെ എൻ ബാലഗോപാൽ പുതിയ കെട്ടിടത്തിന് തറക്കല്ലിടും. മൂന്ന് നിലയിലായി പണിയുന്ന കെട്ടിടത്തിന് 13,000 ചതുരശ്രയടി വിസ്തീർണമുണ്ടാകും. ഒരു നിലയിൽ എട്ട് ക്ലാസ് മുറിയും രണ്ട് ലാബുമാണ് നിർമിക്കുക.
പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർമാണച്ചുമതല. റാന്നി ആസ്ഥാനമായ എസ് കെ ജെ കെ എന്ന കൺസ്ട്രക്ഷൻ കമ്പനിയാണ് കരാർ ഏറ്റെടുത്തിട്ടുള്ളത്. സ്കൂളിന്റെ അടിസ്ഥാനസൗകര്യ വികസനത്തോടൊപ്പം കുട്ടികൾക്ക് സുരക്ഷിതമായി സ്കൂളിൽ വന്നു പോകാൻ സ്കൂളിന് മുൻഭാഗത്ത് പുനലൂർ –-മൂവാറ്റുപുഴ സംസ്ഥാന ഹൈവേയ്ക്ക് മുകളിലൂടെ മേൽപ്പാലവും നിർമിക്കും. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയുടെ പ്രാദേശികവികസന ഫണ്ടിൽനിന്നും 45 ലക്ഷം രൂപ അനുവദിച്ചാണ് നിർമാണം നടത്തുക.