തിരുവനന്തപുരം : കോവിഡ് പരിശോധനയ്ക്കായി സംസ്ഥാനത്ത് പുതിയ മാര്‍ഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്. ജലദോഷപ്പനിക്കാര്‍ക്ക് അഞ്ചു ദിവസത്തിനകം ആന്റിജന്‍ ടെസ്റ്റ് നടത്തും. ശ്വാസകോശ രോഗങ്ങളുള്ളവരാണെങ്കില്‍ ഉടന്‍ തന്നെ പിസിആര്‍ പരിശോധന നടത്തുന്നതാണ്. നേരത്തേ ജലദോഷപ്പനിയുമായി എത്തുന്ന എല്ലാവരിലും കോവിഡ് പരിശോധന നടത്തിയിരുന്നില്ല. സംശയകരമായ സാഹചര്യങ്ങളില്‍ നിന്നുള്ളവരെ മാത്രമാണു പരിശോധിച്ചിരുന്നത്. ഇനി രോഗം ബാധിച്ചു അഞ്ച് ദിവസത്തിനുള്ളില്‍ എത്തുന്നവര്‍ ആണെങ്കില്‍ കോവിഡ് പരിശോധന നടത്തും.
ഗുരുതരമായ ശ്വാസകോശ രോഗങ്ങളുള്ളവര്‍ക്ക് ഇനി ആര്‍ടിപിസിആര്‍ പരിശോധന തന്നെ നടത്തും. കണ്ടെയ്ന്മെന്റ് സോണുകളില്‍നിന്ന് ഏതെങ്കിലും രോഗം ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടി എത്തുന്നവര്‍ക്ക് അഡ്മിഷനു മുന്‍പ് തന്നെ കോവിഡ് പരിശോധന നടത്തി രോഗമുണ്ടോ, ഇല്ലയോ എന്ന കാര്യം ഉറപ്പാക്കും. ഇപ്പോള്‍ പ്രൈമറി കോണ്ടാക്ടില് ഉള്ള എല്ലാ ആളുകള്‍ക്കും എട്ടാം ദിവസം മുതല്‍ ആന്റിജന്‍ പരിശോധന നടത്തുമെന്നും മാര്‍ഗരേഖയിലുണ്ട്.