തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളില്‍ ഒരു ബെഞ്ചില്‍ രണ്ട് വിദ്യാര്‍ഥികള്‍ എന്ന ഇരിപ്പട ക്രമീകരണം നിലവില്‍ വന്നു. ഇതോടെ ഒരു ക്ലാസില്‍ പരമാവധി 30 കുട്ടികളുണ്ടാവും. 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് ഇപ്പോള്‍ സ്കൂളിലെത്തുന്നത്. ഇത് വരെ ഒരു ബെഞ്ചില്‍ ഒരാള്‍ എന്ന രീതിയിലായിരുന്നു ഇരിപ്പട ക്രമീകരണം. 100 ല്‍ താഴെ വിദ്യാര്‍ഥികളുള്ള സ്കൂളുകളില്‍ എല്ലാവര്‍ക്കും വരാം.
അതിന് മുകളിലുള്ളവര്‍ക്ക് ഒന്നിടവിട്ട ദിവസങ്ങള്‍ എന്ന രീതിയിലോ സ്കൂളിന് സൗകര്യപ്രദമായ രീതിയിലോ പ്രധാന അധ്യാപകര്‍ക്ക് ഷിഫ്റ്റ് ക്രമീകരിക്കാം.
ഹയര്‍സെക്കഡറിയിലെ എല്ലാ അധ്യപകരും ഇപ്പോള്‍ സ്കൂളില്‍ എത്തുന്നുണ്ട്. ഹൈസ്കൂളില്‍ പത്താം ക്ലാസിലെ മിക്ക അധ്യാപകരും ദിവസവും സ്കൂളിലെത്തുന്നുണ്ട്.
കോവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ എത്ര അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു എത്രപേര്‍ ക്വാറന്‍റീനിലാണ് എന്നീ വിവരങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് ഇതുവരെ പുറത്തു വിട്ടിട്ടില്ല. വിവരങ്ങള്‍ പുറത്തു വിടണമെന്ന ആവശ്യം ശക്തമാകുകയാണ്.
സംസ്ഥാനത്തെ സ്കൂളുകള്‍ ഭാഗികമായി തുറന്നതിന് ശേഷം മൂന്ന് സ്കൂളുകളിലെ ഏതാനും അധ്യാപകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് അധ്യാപകര്‍ക്ക് ഫെയ്സ് ഷീല്‍ഡ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചു. എന്നാല്‍ കോവിഡ് കണക്കുകള്‍ കുതിച്ചുയരുമ്പോള്‍ 10, 12 ക്ലാസുകളിലെ പൊതുപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികളെ കൂടുതല്‍ സുരക്ഷിതമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. രാജ്യത്തെ 39.7 ശതമാനം കോവിഡ് കേസുകളും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്.