ന്യൂഡൽഹി: പുതുവർഷത്തിൽ ഇന്ത്യയിൽ ജനിച്ചത് 67,385 കുട്ടികൾ. ആകെ 3,92,078 പേരാണ് ലോകത്താകമാനം ജനിച്ചത്. ഇതിൽ 17 ശതമാനം ശിശുക്കളും ജനിച്ചിരിക്കുന്നത് ഇന്ത്യയിലാണ്. ജനന നിരക്കിൽ ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള ചൈനയെയും ഇന്ത്യ കടത്തിവെട്ടിയിരിക്കുകയാണ്.
ജനുവരി ഒന്നിന് 46,299 കുട്ടികളാണ് ചൈനയില്‍ ജനിച്ചത്. നൈജീരിയ(26,039), പാകിസ്ഥാൻ(6,787), ഇന്തോനേഷ്യ(13,020), അമേരിക്ക(10,452 ), കോംഗോ(10,247), എത്യോപ്യ(8,493) എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്കും ചൈനയ്ക്കും പിറകിലായി സ്ഥാനം പിടിച്ചിരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ ജനസംഘ്യാ സംബന്ധമായ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത്.
ഐക്യരാഷ്ട്രസഭയുടെ തന്നെ ലോക ജനസംഖ്യാ റിപ്പോർട്ടനുസരിച്ച് 2027ൽ ഇന്ത്യ ചൈനയെ മറികടന്ന് ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമാകും. ഓരോ പുതുവർഷദിനത്തിലും ലോകത്തിൽ ജന്മം കൊണ്ട ശിശുക്കളെ അവരുടെ ജീവിതയാത്രയുടെ ആരംഭത്തിൽ ആശംസകൾ അറിയിച്ചുകൊണ്ട് ഐക്യരാഷ്ട്ര സഭ രംഗത്തെത്താറുണ്ട്. അതേസമയം 2018ൽ ജനിച്ച് ഒരു മാസത്തിനുള്ളിൽ ലോകത്താകമാനം 25 ലക്ഷം ശിശുക്കൾ മരണപ്പെട്ടിരുന്നുവെന്നും ഐക്യരാഷ്ട്ര സഭ കണക്ക് കൂട്ടുന്നു.
ശിശുക്കളിൽ ഭൂരിഭാഗവും മരണപ്പെടാൻ കാരണം, അകാലത്തുള്ള ജനനം, ജനന സംബന്ധമായ സങ്കീർണതകൾ, ഇൻഫെക്‌ഷനുകൾ എന്നിവയാണെന്നും ഇവ തടയാനാകുന്നവയാണെന്നും ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാട്ടുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിൽ ശിശുക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ ലോകം കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും അഞ്ചാം പിറന്നാൾ ആകുംമുൻപ് മരണപ്പെടുന്ന കുട്ടികളുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കാൻ ആയിട്ടുണ്ടെന്നും ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാണിക്കുന്നു.