ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാൻ നീക്കം. സർക്കാരിന്റെ ഈ നടപടിക്കെതിരെ ഒരു മന്ത്രി എതിർപ്പുമായി രംഗത്തെത്തി. കർണാടകയിലെ കോൺഗ്രസ് മന്ത്രി രാമലിംഗ റെഡ്ഡിയാണ് പുതിയ നീക്കത്തിനെതിരേ രംഗത്തെത്തിയത്. വാർഷിക ഫീസ് ഏർപ്പെടുത്താനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് കത്തയച്ചു. ബെംഗളൂരുവിലെ റെസിഡൻഷ്യൽ മേഖലകളിലെ പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് ഫീസ് ഈടാക്കാനാണ് സർക്കാർ ആലോചിച്ചിരുന്നത്.
ഇതനുസരിച്ച് വാർഷിക റെസിഡൻഷ്യൽ പാർക്കിങ് പെർമിറ്റ് ഫീസ് എന്ന പേരിൽ ഒരുവർഷം 25,000 രൂപ വരെ ഈടാക്കാനായിരുന്നു നിർദേശം. ഹാച്ച് ബാക്ക് കാറുകൾക്ക് ഒരുവർഷം 15,000 രൂപയും സെഡാനുകൾക്ക് ഒരുവർഷം 20,000 രൂപയും എസ്.യു.വികൾക്ക് ഒരുവർഷം 25,000 രൂപയും പാർക്കിങ് ഫീസായി ഈടാക്കണമെന്നും നിർദേശമുണ്ടായി. നഗരത്തിലെ അനധികൃത പാർക്കിങ്ങും റോഡുകൾ കൈയേറി ദീർഘനാളത്തേക്ക് പലരും വാഹനം നിർത്തിയിടുന്നതും തടയാനായിരുന്നു ഈ നീക്കം. ഇതിലൂടെ ഗതാഗതക്കുരുക്ക് കുറയ്ക്കാനാകുമെന്നും പറഞ്ഞിരുന്നു.































