ചേർത്തല: രണ്ട് കിലോ കഞ്ചാവുമായി പിടിയിലായ യുവാവ് മെഡിക്കൽ പരിശോധനയ്ക്കിടെ ആശുപത്രിയിൽനിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ചതിന് പിന്നാലെ നാടകീയ രംഗങ്ങൾ. പോലീസിന്റെയും നാട്ടുകാരുടെയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തിയത്. അരിക്കുഴ ചക്കാലയിൽ വീട്ടിൽ ശ്രീകാന്തിനെയാണ് (25) വീണ്ടും പിടികൂടി കസ്റ്റഡിയിലെടുത്തത്. അരീപ്പറമ്പ് ഇ കെ കവലയ്ക്ക് സമീപത്തുനിന്ന് ശനിയാഴ്ച അർത്തുങ്കൽ പൊലീസാണ് ശ്രീകാന്തിനെ രണ്ട് കിലോ കഞ്ചാവുമായി പിടികൂടിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായി ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ മെഡിക്കൽ പരിശോധനയ്ക്കായി ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം.
പരിശോധനയ്ക്കിടെ പെട്ടെന്ന് പുറത്തേക്ക് ഓടിയ പ്രതിയെ കൂടെയുണ്ടായിരുന്ന പോലീസുകാരും ആശുപത്രിയിലുണ്ടായിരുന്ന മറ്റ് ആളുകളും ചേർന്ന് അതിവേഗം കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് ചേർത്തല സ്റ്റേഷനിൽ എത്തിച്ച പ്രതിക്കെതിരെ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിനും പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തു. കഞ്ചാവ് കടത്തിയ കേസിലും പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കേസിലും അറസ്റ്റിലായ ശ്രീകാന്തിനെ ചേർത്തല മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.






























