കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ രണ്ട് പ്രതികൾക്ക് എറണാകുളം അഡീഷണൽ ഡിസ്ട്രിക്ട് & സെഷൻസ് കോടതി തടവും പിഴയും വിധിച്ചു. എളമക്കര സ്വദേശി വിപിൻ ടോമി (29), കലൂർ സ്വദേശി സുഹൈൽ (30) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. എറണാകുളം അഡീഷണൽ ഡിസ്ട്രിക്ട് & സെഷൻസ് (VI) ജഡ്ജ് ഷിജു ഷെയ്ക്കാണ് വിധി പ്രസ്താവിച്ചത്. ഒന്നാം പ്രതിയായ വിപിൻ ടോമിക്ക് 13 വർഷം തടവും 25,000 രൂപ പിഴയും, രണ്ടാം പ്രതിയായ സുഹൈലിന് 3 വർഷം തടവും 5,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
മുൻ എളമക്കര എസ്.എച്ച്.ഒ സാബുജി മാസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി ഗവ. പ്ലീഡർ ജസ്റ്റിൻ പി.പി ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ സി.പി.ഒമാരായ പ്രസാദ് കെ., സുജിത് സി.ആർ എന്നിവർ ഏകോപിപ്പിച്ചു.


























