തിരുവനന്തപുരം : കുടിയൊഴിക്കലിനിടെ നെയ്യാറ്റിൻകരയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച് സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. സംഭവം സ്ഥലം പരിശോധിച്ച ക്രൈം ബ്രാഞ്ച് മരിച്ച രാജന്‍റെ മക്കളുടെ മൊഴിയെടുത്തു . ക്രൈംബ്രാഞ്ച് എസ്പി ഷാനവാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. പോലീസ് വീഴ്ചയുൾപ്പെടെയാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്.അന്വേഷണ സംഘത്തിലുള്ള സിഐ അഭിലാഷാണ് സ്ഥല പരിശോധന നടത്തിയ ശേഷം മക്കളായ രാഹുലിൻറെയും രജ്ഞിത്തിന്റെയും മൊഴിയെടുത്തത്. തർക്കഭൂമിയില്‍ കെട്ടിട ഷെഡിലാണ് ഇപ്പോഴും കുട്ടികള്‍ കഴിയുന്നത്.
രാജൻ ഷെഡു കെട്ടി താമസിക്കുന്ന ഭൂമി പരാതിക്കാരിയായ വസന്തയിൽ നിന്നും വാങ്ങാനായി ബോബി ചെമ്മണ്ണൂരുണ്ടാക്കിയ കരാറിലും തർക്കം തുടരുകയാണ്. വസന്തയുടെ കൈവശമുള്ളത് വ്യാജ പട്ടയമെന്നാണ് രാജൻറെ മക്കളുടെ ആരോപണം. എന്നാൽ വസന്തയുടെ കൈശമുള്ള ഭൂമി ലക്ഷംവീട് പദ്ധതിയുടെ ഭാഗമായുള്ളതല്ലെന്ന് അഭിഭാഷകൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബോബി ചെമ്മണ്ണൂരുമായുണ്ടാക്കിയ കരാർ നിയമാനുസരണമാണെന്നും അഭിഭാഷകൻ പറയുന്നു. ഭൂമി സർക്കാർ മധ്യസ്ഥയിൽ കുട്ടികള്‍ക്ക് കൈമാറാനുള്ള ശ്രമത്തിലാണ് ബോബി ചെമ്മണ്ണൂർ.