തിരുവനന്തപുരം: നെയ്യാറ്റിന്‍കര നെടിയാംകോട് പോക്സോ കേസില്‍ ഇരയായ പതിനാറുകാരി പ്രസവിച്ച നവജാതശിശു മരിച്ചു. 56 ദിവസം പ്രായമുള്ള ആണ്‍കുട്ടിയാണ് മരിച്ചത്. എന്നാല്‍ മുലപ്പാല്‍ കുടിക്കുന്നതിനിടെ കുട്ടി മരിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയും അമ്മയും പോലീസിനോട് പറഞ്ഞത്. ഇന്നലെയാണ് പോക്സോ കേസിലെ ഇരയായ പെണ്‍കുട്ടിയുടെ 56 ദിവസം മാത്രം പ്രായമുള്ള ആണ്‍കുട്ടി മരിക്കുന്നത്. സ്വാഭാവിക മരണമാണെന്നാണ് പ്രാഥമിക നിഗമനമെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവൂ എന്നുമാണ് പോലീസ് പറയുന്നത്.
എന്നാല്‍ പെണ്‍കുട്ടിയുടെ പ്രസവമടക്കം നടന്നത് വീട്ടിലായിരുന്നുവെന്നാണ് അറിയാന്‍ കഴിയുന്നത്. പ്രേമം നടിച്ചെത്തിയ അയല്‍വാസി കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഗര്‍ഭിണിയായ വിവരം പെണ്‍കുട്ടി മറച്ചുവെച്ചെന്നും ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയപ്പോളാണ് വിവരമറിയുന്നതെന്നും പൊലീസ് പറഞ്ഞു. തുടര്‍ന്ന് അയല്‍വാസിക്കെതിരെ പൊലീസ് പൊക്സോ കേസെടുത്തിരുന്നു. എന്നാല്‍ ഇയാള്‍ ഒളിവിലാണെന്നും ഇതുവരെ പിടികൂടാനായിട്ടില്ലെന്നും പോലീസ് പറഞ്ഞു.