കോന്നി : കേന്ദ്രഭരണത്തിൻകീഴിൽ സ്ത്രീകൾക്ക് രാജ്യത്ത് സുരക്ഷയില്ലാതെയാകുന്നുവെന്ന് എൻ എഫ് ഐ ഡബ്ല്യു ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ പറഞ്ഞു. കേരള മഹിളാ സംഘം(എൻ എഫ് ഐ ഡബ്ല്യു) സംഘടിപ്പിച്ച സ്ത്രീ സുരക്ഷാ ജില്ലാ സെമിനാർ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
സ്ത്രീകൾ സമൂഹത്തിൽ വിവിധതരം ചൂഷണം നേരിടുന്നുണ്ട്. നിരവധി നിയമങ്ങള്‍ ഇത് തടയുവാനുണ്ടെങ്കിലും പ്രാവർത്തികമാകുന്നില്ല. രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കും നേരേയുണ്ടാകുന്ന ലൈഗിക അതിക്രമങ്ങളിൽ കൂടുതലും ബി ജെ പി നേതാക്കളാണ് പ്രതികളാകുന്നത്. സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെടുന്ന ഒട്ടേറെ വിഭാഗങ്ങൾ ഉണ്ട്. ഇന്ത്യയിൽ സ്ത്രീപീഡനങ്ങൾ വർധിച്ചുവരുന്നത് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.സ്ത്രീകളുടെ പ്രശ്നങ്ങൾ മനസിലാക്കുവാൻ കേന്ദ്ര ഗവൺമെന്റ് ശ്രമിക്കുന്നില്ല.
മഹിളാ സംഘം ജില്ലാ പ്രസിഡന്റ് വിജയമ്മ ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന കൗൺസിലംഗം പി ആർ ഗോപിനാഥൻ, കേരള മഹിളാ സംഘം ജില്ലാ ട്രഷറർ സുമതി നരേന്ദ്രൻ, എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി വിജയ വിൽസൺ, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ, പറക്കോട് ബ്ലോക്ക് പഞ്ചായത്തംഗം മായ ഉണ്ണികൃഷ്ണൻ, കേരള മഹിളാ സംഘം ജില്ലാ സെക്രട്ടറി പത്മിനിയമ്മ തുടങ്ങിയവർ സംസാരിച്ചു.