ന്യൂഡൽഹി : ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നിയമത്തെ ചോദ്യം ചെയ്‌ത് ഛത്തീസ്‌ഗഢ് സർക്കാർ സുപ്രീംകോടതിയിൽ ഒറിജിനൽ സ്യൂട്ട് ഫയൽ ചെയ്‌തു. ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ പ്രകാരം പോലീസും ക്രമസമാധാന പരിപാലനവും സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിൽ വരുന്നതാണ്. അതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നിയമനിർമ്മാണം നടത്തിയത് അംഗീകരിക്കാനാകില്ല. നിയമനിർമ്മാണത്തിനുള്ള പാർലമെന്റിന്റെ അധികാരം മറികടന്നാണ് എൻഐഎ നിയമം – 2008 പാസാക്കിയതെന്നും ഇത് ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്നും ഭരണഘടനയുടെ 131–-ാം അനുച്ഛേദപ്രകാരം സമർപ്പിച്ച ഒറിജിനൽ സ്യൂട്ടിൽ വ്യക്തമാക്കി.
ഫെഡറൽ സംവിധാനത്തിൽ കേന്ദ്രസർക്കാരുമായി ഒന്നിച്ച് പ്രവർത്തിക്കാനുള്ള സാധ്യത അവശേഷിപ്പിക്കാത്തതാണ് എൻഐഎ നിയമം. ഭരണഘടന വിഭാവനം ചെയ്യുന്ന സംസ്ഥാനങ്ങളുടെ പരമാധികാരം എന്ന സങ്കൽപ്പത്തിന് വിരുദ്ധമാണിത്. നിയമം ഭരണഘടനാവിരുദ്ധമെന്ന് ഉത്തരവിടുകയോ ബദൽ നടപടികളിലൂടെ സംസ്ഥാനത്തിന്റെ നിയമപരമായ അവകാശങ്ങൾ പുനഃസ്ഥാപിക്കുകയോ ചെയ്യണമെന്നും ഛത്തീസ്‌ഗഢ് ആവശ്യപ്പെട്ടു.