കൊല്ലം : പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ കേരളത്തിലെ ജനങ്ങൾക്ക് ഒരാപത്തും വരാതെ സംസ്ഥാന സർക്കാർ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമത്തിലൂടെ മാറ്റിനിർത്താൻ ആർഎസ്‌എസ് ഉദ്ദേശിക്കുന്നവരോടൊപ്പം ഈ സർക്കാർ ഉണ്ടാകും. ഭരണഘടനയ്‌ക്ക് എതിരായ നിയമമായതുകൊണ്ടാണത്. ഭരണഘടനാ താൽപ്പര്യം മുൻനിർത്തിയാണ് നിയമത്തിനെതിരെ രാജ്യത്തിനു മാതൃകയായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയെയും സമീപിച്ചതെന്ന് കൊല്ലം കന്റോൺമെന്റ് മൈതാനിയിൽ ഭരണഘടനാ സംരക്ഷണ ബഹുജന സംഗമം ഉദ്‌ഘാടനം ചെയ്‌ത് മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ നിലനിൽപ്പുതന്നെ അപകടത്തിലാകുന്നതുകൊണ്ടാണ് ഈ നിയമത്തിനെതിരെ യോജിച്ച പ്രക്ഷോഭമാണ് അഭികാമ്യമെന്ന് എല്ലാ വിഭാഗങ്ങളോടും ആവർത്തിച്ച് അഭ്യർഥിക്കുന്നത്. സമര രംഗത്തുള്ള എല്ലാവർക്കും ഒറ്റപ്പെട്ട നിലയിൽ ശക്തിയുണ്ട്. ആ ശക്തിക്കും അപ്പുറമാണ് പലതും. മതനിരപേക്ഷത സംരക്ഷിക്കാൻ എല്ലാവരും യോജിക്കണം. രാജ്യത്തിന്റെ നിലനിൽപ്പ് അപകടത്തിലാണെന്ന് എല്ലാവർക്കും ഇനിയും മനസ്സിലായിട്ടില്ല. അവരാണ് യോജിച്ച സമരത്തിനെതിരെ പറയുന്നത്. അവരെക്കുറിച്ച് ‘ഹാ, കഷ്ടം’ എന്നു മാത്രമെ പറയുന്നുള്ളൂ.
ഇത് കേരളമാണ്. ജാതി, മതഭേദമില്ലാതെ ഏകോദര സോദരരെപ്പോലെ ഒന്നിച്ചുനിന്നു വളർന്നവരാണ് നമ്മൾ. ഒരു തരത്തിലും ഭിന്നത പ്രകടിപ്പിക്കാത്തവരാണ്. നമ്മൾ ഇതുവരെ പ്രകടിപ്പിച്ച മഹാശക്തിയും നടപടികളും രാജ്യമാകെ ശ്രദ്ധിച്ചു. കുഞ്ഞു മനസ്സുള്ളവർക്ക് ഇക്കാര്യങ്ങളുമായി പൊരുത്തപ്പെടാനാകുന്നില്ല. തർക്കിക്കാൻ മറ്റ് എന്തെല്ലാം കാര്യങ്ങളുണ്ട്.
കേരളത്തിൽ ദേശീയ ജനസംഖ്യാ രജിസ്റ്റർ നടക്കില്ല. ഇതാണ് ദേശീയ പൗരത്വ രജിസ്റ്ററിന്റെ അടിത്തറയും അടിസ്ഥാനവും. ജനസംഖ്യാ രജിസ്റ്ററില്ലെങ്കിൽ പൗരത്വ രജിസ്റ്ററിന്റെ ഒരു പ്രവർത്തനവും ഇല്ല. അതാണ് കേരളം നൽകുന്ന ഉറപ്പ്. എന്നാൽ സാമൂഹ്യ സുരക്ഷയുടെ ഭാഗമായി അങ്കണവാടി അധ്യാപകർ നടത്തുന്ന സർവേയുടെ പേരിൽ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കള്ളം പറയാൻ മടിയില്ലാത്തവരാണ് ആർഎസ്‌എസുകാർ. വലിയ ആർഎസ്‌എസുകാരൻ വലിയ കള്ളം പറയും. അതിനാലാണ് പൗരത്വ രജിസ്റ്ററിന്റെ കാര്യത്തിൽ നരേന്ദ്രമോഡി ന്യൂഡൽഹിയിൽ വലിയ കള്ളം പറഞ്ഞത്. ആഗോളതലത്തിലും രാജ്യത്തും പ്രതിഷേധം ഉയർന്നപ്പോഴായിരുന്നു ഇത്. ദേശീയ ജനസംഖ്യാ രജിസ്റ്റർ എന്നത് ദേശീയ പൗരത്വ രജിസ്റ്ററിന്റെ ആദ്യഘട്ടമാണെന്നത് പ്രധാനമന്ത്രി മറച്ചുവയ്‌ക്കുന്നു. പൗരത്വ രജിസ്റ്ററിന്റെ പ്രത്യേക നടപടിക്രമങ്ങൾ ജനസംഖ്യാ രജിസ്റ്റർവച്ച് ചെയ്യാമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിട്ടുണ്ട്. 2003 മുതലാണ് ഇതിനുള്ള നടപടി ബിജെപി സർക്കാർ തുടങ്ങിയത്. ആർഎസ്‌എസിന്റെ അജൻഡകൾ ഘട്ടം ഘട്ടമായി നടപ്പാക്കുന്ന ചുവടുകളാണ് ഇതെല്ലാം. അതാകട്ടെ ജർമനിയിൽ ഹിറ്റ്‌ലർ സ്വീകരിച്ചതിന് സമാനവും –- പിണറായി പറഞ്ഞു.