ന്യൂഡല്‍ഹി : യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ കാത്ത് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി മദ്ധ്യസ്ഥ സംഘം ഉടന്‍ യെമനിലേക്ക് തിരിക്കും. വധശിക്ഷ ഒഴിവാക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെയും സഹമന്ത്രി വി മുരളീധരന്റെയും നേതൃത്വത്തില്‍ മോചനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി യോഗം ചേര്‍ന്നു. ദയാധനത്തിനായുള്ള നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി യോഗത്തിന് പിന്നാലെ എംബസിക്ക് നിര്‍ദേശം നല്‍കി.
ദയാധനത്തെപ്പറ്റി ചര്‍ച്ചചെയ്യാന്‍ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം തയ്യാറാണെന്ന് യെമന്‍ അധികൃതര്‍ അറിയിച്ചിരുന്നു. യെമന്‍ ഉദ്യോഗസ്ഥര്‍ ജയിലിലെത്തി നിമിഷപ്രിയയെ കണ്ടു. തലാലിന്റെ കുടുംബം ദയാധനമായി 50 ദശലക്ഷം യെമന്‍ റിയാല്‍ (ഒന്നരക്കോടിയോളം രൂപ) ആവശ്യപ്പെട്ടുവെന്നും റംസാന്‍ അവസാനിക്കും മുന്‍പ് തീരുമാനം അറിയിക്കണമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പത്ത് ദശലക്ഷം യെമന്‍ റിയാല്‍ കോടതി ചെലവ് ഇനത്തില്‍ പിഴയും നല്‍കണം.
മനപ്പൂര്‍വ്വമല്ലാതെ സംഭവിച്ച പാളിച്ചയാണെന്നും മരിച്ച തലാലിന്റെ കുടുംബവും യെമന്‍ ജനതയും ക്ഷമിക്കുമെന്നാണ് പ്രതീക്ഷയെന്നും അമ്മയ്ക്ക് അയച്ച കത്തില്‍ നിമിഷപ്രിയ പറഞ്ഞിരുന്നു. തൊടുപുഴ സ്വദേശി ടോമി തോമസിന്റെ ഭാര്യയാണു നിമിഷപ്രിയ. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദ്ധാനവുമായി എത്തിയ തലാല്‍ പാസ്പോര്‍ട്ട് പിടിച്ചെടുത്തു ക്രൂരമായി പീഡിപ്പിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്നായിരുന്നു നിമിഷപ്രിയ വാദിച്ചിരുന്നത്.