വയനാട്: കോഴിക്കോട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലും രോഗപ്രതിരോധവും നിരീക്ഷണവും ശക്തമാക്കി ആരോഗ്യവകുപ്പ് . ഇതിനായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. ജില്ലയില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കണ്‍ട്രോള്‍ റൂം നമ്പര്‍ 04935240390. കോഴിക്കോട് ജില്ലയിലെ നിപ ബാധിതരുടെ സമ്പര്‍ക്കപ്പട്ടിക 789 ആയി ഉയര്‍ന്നെന്ന് ജില്ലാ കലക്ടര്‍ എ.ഗീത. സ്വകാര്യ ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തിയെന്നും 11 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ടെന്നും കലക്ടര്‍ വ്യക്തമാക്കി.
ആകെ 20 പേരാണ് ചികിത്സയിലുള്ളത്. വീട്ടില്‍ ഐസൊലേഷനിലുള്ള മൂന്ന് പേര്‍ക്ക് പനിയുണ്ട്. 4 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.സി.യു വില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 13 പേര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. 313 വീടുകളില്‍ സര്‍വ്വെ നടത്തിയെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് വാളയാര്‍ അതിര്‍ത്തിയില്‍ പരിശോധന ഏര്‍പ്പെടുത്തിയിരിക്കുകയാണ് തമിഴ്‌നാട്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വാഹനങ്ങളില്‍ വരുന്നവരുടെ ശരീര താപനില പരിശോധിച്ച ശേഷമാണ് അതിര്‍ത്തി കടത്തി വിടുന്നത്.