ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ആത്മഹത്യ ഭീഷണി മുഴക്കി പ്രതിയുടെ ഭാര്യ. ഡല്‍ഹി പാട്യാല ഹൗസ് കോടതിക്ക് പുറത്താണ് നാടകീയ രംഗം അരങ്ങേറിയത്. ഭര്‍ത്താവിന് വധശിക്ഷ നല്‍കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി.
പ്രതിയായ അക്ഷയ് സിങ്ങിന്റെ ഭാര്യ വിവാഹ മോചനം ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ഹര്‍ജി നല്‍കിയിരുന്നു. ഭര്‍ത്താവ് നിരപരാധിയാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. കേസ് വ്യാഴാഴ്ച പരിഗണിക്കാനായിരുന്നു കോടതി തീരുമാനം. രാവിലെ കുട്ടിയുമായി എത്തിയ പുനിത ദേവി കോടതിക്ക് മുന്നില്‍ കുത്തിയിരുന്നു. കുറച്ചു സമയത്തിന് ശേഷം ചെരുപ്പെടുത്ത് സ്വന്തം ദേഹത്തേക്ക് തല്ലുകയും ആത്മഹത്യ ഭീഷണി മുഴക്കുകയുമായിരുന്നു.
വധശിക്ഷ നീട്ടിവെക്കുന്നതിനായി പ്രതികള്‍ നാലുപേരും മാറിമാറി ഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും നല്‍കി കൊണ്ടിരിക്കുകയായിരുന്നു. മാര്‍ച്ച് 20ന് വെളുപ്പിന് 5.30 നാണ് പ്രതികളായ നാലു പേരുടെയും വധശിക്ഷ തീരുമാനിച്ചിരിക്കുന്നത്. വധശിക്ഷ നടപ്പാക്കുന്നതിന്റെ പ്രാഥമിക നടപടികളെല്ലാം ആരംഭിച്ചുകഴിഞ്ഞു.
പ്രതികളുടെ നിയമവഴികളെല്ലാം അടഞ്ഞതോടെയാണ് അക്ഷയ് കുമാറിന്റെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. വിധവയായി ജീവിക്കാന്‍ താല്‍പര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.