ദില്ലി: ദയാഹർജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനം ചോദ്യം ചെയ്ത് നിർഭയ കേസിലെ കുറ്റവാളി മുകേഷ് സിംഗ് നൽകിയ ഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് ആർ ഭാനുമതി അദ്ധ്യക്ഷയായ മൂന്നംഗ കോടതിയാണ് കേസില്‍ വിധി പറയുക. രാഷ്ട്രപതിയുടെ തീരുമാനം പുനപരിശോധിക്കാൻ പരിമിതമായ അധികാരമേ ഉള്ളു എന്ന് ഇന്നലെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
ദയാഹർജി പരിഗണിച്ചതിലെ നടപടിക്രമങ്ങൾ മാത്രമേ പരിശോധിക്കൂവെന്നും കോടതി അറിയിച്ചിരുന്നു. ദയാഹർജിയിൽ രാഷ്ട്രപതി എടുക്കുന്ന തീരുമാനം ചോദ്യം ചെയ്യാനാകില്ലെന്നായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദം. ഫെബ്രുവരി 1-ന് നാല് പ്രതികളെയും തൂക്കിലേറ്റാനാണ് ദില്ലി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. അതിനിടെ കേസിലെ മറ്റൊരു പ്രതിയായ അക്ഷയ്കുമാർ സിംഗ് സുപ്രീംകോടതിയിൽ തിരുത്തൽ ഹർജി നൽകി. നേരത്തെ വിനയ് ശർമയുടേയും മുകേഷ് സിംഗിന്റെയും തിരുത്തൽ ഹർജികൾ കോടതി തള്ളിയിരുന്നു.