ന്യൂഡൽഹി : മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നിർഭയ കേസിലെ പ്രതി മുകേഷ് സിംഗ് നൽകിയ അപേക്ഷ ഡൽഹി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. മരണവാറണ്ട് റദ്ദാക്കണമെന്ന മുകേഷ് സിംഗിന്റെ ആവശ്യം ഇന്നലെ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. മരണവാറണ്ട് പ്രകാരം വധശിക്ഷ ഈമാസം 22ന് നടപ്പാക്കാനാകില്ലെന്ന് ഇന്നലെ ഡൽഹി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. തിഹാർ ജയിൽ അഭിഭാഷകനും ഇതേ നിലപാടാണ് ഹൈക്കോടതിയിൽ സ്വീകരിച്ചത്.
ദയാഹര്‍ജി തള്ളുകയാണെങ്കിൽ ശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് 14 ദിവസത്തെ സമയം കുറ്റവാളികൾക്ക് നൽകണം എന്ന സുപ്രീംകോടതി വിധികളുണ്ട്. പുതിയ മരണവാറണ്ടിനായി അപേക്ഷ നൽകുമെന്നും ഡൽഹി സര്‍ക്കാര്‍ അറിയിച്ചിരുന്നു. മുകേഷ് സിംഗിന്റെ അപേക്ഷ പരിഗണിക്കവെ ഡൽഹി സര്‍ക്കാര്‍ ഇക്കാര്യം പട്യാല ഹൗസ് കോടതിയെ അറിയിക്കാൻ സാധ്യതയുണ്ട്.
നാല് പ്രതികളുടെയും വധശിക്ഷ ജനുവരി 22ന് രാവിലെ 7 മണിക്ക് നടപ്പാക്കാനാണ് ഡൽഹി പട്യാല ഹൗസ് കോടതിയുടെ ജനുവരി ഏഴാം തീയതിയിലെ വാറണ്ട്. പ്രതി മുകേഷ് കുമാർ സമർപ്പിച്ചിരിക്കുന്ന ദയാഹർജിയിൽ തീരുമാനമായ ശേഷം പുതിയ വാറണ്ട് പുറപ്പെടുവിക്കേണ്ടി വരുമെന്ന് ഡൽഹി സർക്കാരും പോലീസും തിഹാർ ജയിലിന്റെ അഭിഭാഷകനും വാദത്തിനിടെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ആവശ്യത്തിലധികം സമയം മുകേഷ് കുമാറിന് ഉണ്ടായിരുന്നുവെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.