ന്യൂഡൽഹി: നിർഭയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്നു പ്രതികൾ ഡൽഹിയിലെ തിഹാർ ജയിലിൽ ഏഴു വർഷത്തിനിടെ ജോലി ചെയ്ത് സമ്പാദിച്ചത് 1.37 ലക്ഷം രൂപ. ജയിൽ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അക്ഷയ് കുമാർ സിംഗ് (31), പവൻ ഗുപ്ത (25), മുകേഷ് സിംഗ് (32), വിനയ് ശർമ (26) എന്നിവരാണ് വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്നത്. ജയിലിൽ ജോലി ചെയ്ത് അക്ഷയ് 69,000 രൂപയും പവൻ 29,000 രൂപയും വിനയ് 39,000 രൂപയുമാണ് സമ്പാദിച്ചത്. മുകേഷിനെ ജോലികൾക്ക് നിയോഗിച്ചിരുന്നില്ല.
ജയിൽ നിയമങ്ങൾ ലംഘിച്ചതിന് നാലുപേരും നിരവധിതവണ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്. വിനയ് 11 തവണയും പവൻ എട്ടു തവണയും മുകേഷ് മൂന്നു തവണയും അക്ഷയ് ഒരു പ്രാവശ്യവും ആണ് നിയമലംഘനത്തിന് ശിക്ഷിക്കപ്പെട്ടത്. ജയിലിൽ കഴിയുമ്പോൾ പഠിക്കാനും പ്രതികൾ ശ്രമിച്ചിരുന്നു. 2016ൽ മുകേഷ്, പവൻ, അക്ഷയ് എന്നിവർ പത്താം ക്ലാസ് പരീക്ഷ എഴുതിയെങ്കിലും പരാജയപ്പെട്ടു. 2015ൽ വിനയ് ഡിഗ്രിക്കു ചേർന്നെങ്കിലും പൂർത്തിയാക്കിയില്ല. പ്രതികളുടെ വധശിക്ഷ ഈ മാസം 22ന് രാവിലെ 7ന് വധശിക്ഷ നടപ്പാക്കാനാണ് പട്യാല ഹൗസ് കോടതി ഉത്തരവിട്ടത്. നാലു പ്രതികളിൽ വിനയ് ശർമ്മ, മുകേഷ് സിംഗ് എന്നിവരുടെ തിരുത്തൽ ഹർജികൾ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് കഴിഞ്ഞദിവസം തള്ളിയിരുന്നു.
നേരത്തെ റിവ്യൂ ഹർജികൾ തള്ളിയതിനാൽ പ്രതികൾക്ക് സുപ്രീംകോടതിയിലെ അവസാന നിയമ നടപടിയായിരുന്നു തിരുത്തൽ ഹർജി. ആ സാദ്ധ്യതയും അടഞ്ഞതോടെ തൂക്കുകയറിൽ നിന്ന് രക്ഷപ്പെടാനുള്ള അവസാന ശ്രമമെന്ന നിലയിൽ മുകേഷ് സിംഗ് ഇന്നലെ തന്നെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ദയാഹർജി സമർപ്പിച്ചു. വധശിക്ഷ റദ്ദാക്കണമെന്നാണ് ആവശ്യം. 2012 ഡിസംബർ 16 ന് രാത്രിയാണ് പാരാമെഡിക്കൽ വിദ്യാർത്ഥിനി നിർഭയയെ ഓടുന്ന ബസിൽ ക്രൂരമായി കൂട്ടമാനഭംഗപ്പെടുത്തിയത്. സിംഗപ്പൂരിലെ ആശുപത്രിയിൽ ഡിസംബർ 29ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.