കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പില്‍ പി ജെ ജോസഫിന്‍റെ മകന്‍ അപു ജോണ്‍ ജോസഫ് മത്സരിക്കുമെന്ന് ഉറപ്പായി. പി ജെ ജോസഫ് മത്സരരംഗത്ത് ഉണ്ടാകില്ലെന്നും പകരം തൊടുപുഴയില്‍ അപു മത്സരിക്കുമെന്നായിരുന്നു അഭ്യൂഹം. എന്നാല്‍ ജോസഫ് തൊടുപുഴയില്‍ തന്നെ മത്സരിക്കുമെന്നാണ് ഒടുവിലത്തെ വിവരം. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മണ്ഡലത്തില്‍ നിന്ന് അപു മത്സരത്തിനിറങ്ങണമെന്നാണ് പാര്‍ട്ടിയില്‍ ഉയര്‍ന്നിരിക്കുന്ന ആവശ്യം.
പാര്‍ട്ടി മത്സരിച്ച് വരുന്ന പേരാമ്പ്രയില്‍ സാദ്ധ്യത തീര്‍ത്തും വിരളമായതിനാലാണ് ലീഗിന്‍റെ കൈവശമുള്ള തിരുവമ്പാടി സീറ്റിനുളള ശ്രമം ജോസഫ് വിഭാഗം നടത്തുന്നത്. കത്തോലിക്കാ സഭയ്‌ക്ക് നിര്‍ണായക സ്വാധീനമുളള തിരുവമ്പാടിയില്‍ അപുവിനെ ഇറക്കിയാല്‍ കാര്യങ്ങള്‍ അനുകൂലമാകുമെന്നാണ് കേരള കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. ഇവിടെ ലീഗ് മത്സരിക്കുന്നതിനേക്കാള്‍ കേരള കോണ്‍ഗ്രസ് മത്സരിക്കുന്നതാകും ഗുണം ചെയ്യുകയെന്ന് ജോസഫ് വിഭാഗം വിലയിരുത്തുന്നു. പേരാമ്ബ്രയില്‍ ലീഗിന് ജയസാദ്ധ്യതയുണ്ടെന്നതും കാര്യങ്ങള്‍ അനുകൂലമാക്കുമെന്നാണ് ജോസഫ് വിഭാഗം കണക്കുകൂട്ടുന്നത്.
1980ല്‍ ഡോ.കെ സി ജോസഫ് വിജയിച്ച ശേഷം പിന്നീട് ഇതുവരെ പേരാമ്പ്ര മണ്ഡലത്തില്‍ വിജയിക്കാന്‍ കേരള കോണ്‍ഗ്രസിന് ആയിട്ടില്ല. ഈ സാഹചര്യം ലീഗ് നേതൃത്വത്ത ബോദ്ധ്യപ്പെടുത്താനാണ് ശ്രമം. കഴിഞ്ഞ ദിവസം കോഴിക്കോട്ടെത്തിയ അപു ജോണ്‍ ജോസഫ് പാര്‍ട്ടിയുടെ യുവജനവിഭാഗം നേതാക്കളുമായും താമരശേരി രൂപതയ്‌ക്ക് കീഴിലുളള പുരോഹിതരുമായും ചര്‍ച്ച നടത്തി.
പേരാമ്പ്രയ്ക്ക് പുറമെ തളിപ്പറമ്പും ആലത്തൂരുമാണ് കേരള കോണ്‍ഗ്രസ് മലബാറില്‍ മത്സരിക്കുന്ന മറ്റ് രണ്ട് മണ്ഡലങ്ങള്‍. എന്നാല്‍ ഈ മണ്ഡലങ്ങളിലൊന്നും വിജയിക്കാന്‍ കഴിയാത്ത സാഹചര്യമുളളതിനാലാണ് അപുവിനെ മലബാറില്‍ രംഗത്തിറക്കാനുളള കേരള കോണ്‍ഗ്രസ് നീക്കത്തിന്‍റെ പ്രധാന കാരണം. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി അംഗവും പാര്‍ട്ടിയുടെ കീഴിലുളള ഗാന്ധിജി സ്റ്റഡി സെന്റര്‍ വൈസ് ചെയര്‍മാനുമാണ് നിലവില്‍ അപു ജോസഫ്. മത്സരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്നാണ് അപുവിന്‍റെ പ്രതികരണം.