ഈരാറ്റുപേട്ട : ഈരാറ്റുപേട്ടയിൽ 2.100 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ഈരാറ്റുപേട്ട പുതുപ്പറമ്പിൽ പി.ഐ നിയാസാണ് (35) ഈരാറ്റുപേട്ട എക്സൈസിന്റെ പിടിയിലായത്. കഞ്ചാവ് ഉപഭോക്താക്കളുടെ ഇടയിൽ ബിഗ് ബില്യൺ സെയിൽസ് എന്നറിയപ്പെട്ടിരുന്ന ഇയാൾ രണ്ട് കിലോയുടെ ഒരു പാഴ്സൽ കഞ്ചാവ് വാങ്ങുന്നവർക്ക് 100 ഗ്രാം കഞ്ചാവ് സാജന്യമായി നൽകുകയും ആവശ്യക്കാർക്ക് പറയുന്ന സ്ഥലത്ത് എത്തിച്ചുനൽകുകയും ചെയ്തിരുന്നു.
ഈരാറ്റുപേട്ടയിൽ ഒരു സുഹൃത്തിനു കൊടുക്കാൻ സ്കൂട്ടറിൽ കൊണ്ടുവരുമ്പോഴായിരുന്നു എക്സൈസിന്റെ പിടിയിലായത്. എക്സൈസ് സംഘത്തിന് നേരെ സ്കൂട്ടർ ഇടിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ എക്സൈസ് സംഘം കീഴ്പ്പെടുത്തുകയായിരുന്നു.
പകൽസമയങ്ങളിൽ ടൈൽസ് പണിയും വൈകീട്ട് കഞ്ചാവ് വിൽപ്പനയുമായിരുന്ന നിയാസിനെ ദിവസങ്ങളായി ഈരാറ്റുപേട്ട എക്സൈസ് ഇൻസ്പെക്ടർ വൈശാഖ് വി.പിള്ളയും ഷാഡോ എക്സൈസ് അംഗങ്ങളായ കെ.വി വിശാഖ്, നൗഫൽ കരിം എന്നിവരും നിരീക്ഷിച്ചുവരികയായിരുന്നു. യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിന്റെ സാഹചര്യത്തിൽ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്ന് ഈരാറ്റുപേട്ട എക്സൈസ് ഇൻസ്പെക്ടർ വൈശാഖ് വി പിള്ള അറിയിച്ചു.