തിരുവനന്തപുരം : ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിലും നിരീക്ഷണം.
നിസാമുദ്ദീനിൽ നടന്ന രണ്ട് സമ്മേളനങ്ങളിൽ കേരളത്തിൽനിന്ന് 270 പേർ പങ്കെടുത്തതായാണു വിവരം. ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത നൂറോളംപേർ കേരളത്തിൽ തിരിച്ചെത്തി. ഇതിൽ എഴുപതോളം പേരുടെ വിവരം പോലീസ് സർക്കാരിനും ആരോഗ്യവകുപ്പിനും കൈമാറി. ഇവരെല്ലാം വീടുകളിൽ നിരീക്ഷണത്തിലാണ്. രണ്ടാം സമ്മേളനത്തിൽ പങ്കെടുത്ത 170 പേർ മടങ്ങിയെത്തിയിട്ടില്ല. ഇവരുടെ പേരും ഫോൺനമ്പറും ഉൾപ്പെടെയുള്ളവ പോലീസ് ശേഖരിച്ചു.
ഇതോടൊപ്പം മലേഷ്യയിൽ നടന്ന തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ഒരാളും കേരളത്തിലേക്കു മടങ്ങിയെത്തി. ഈ സമ്മേളനത്തിൽ പങ്കെടുത്ത മറ്റുരാജ്യങ്ങളിലുള്ള പലർക്കും കൊറോണ സ്ഥിരീകരിച്ചതിനാൽ ഇയാളും നിരീക്ഷണത്തിലാണ്. ഇവരിലാർക്കും ഇതേവരെ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.