തിരുവനന്തപുരം : സാമൂഹിക ക്ഷേമ പെന്‍ഷന്‍ കൃത്യമായി വിതരണം ചെയ്യാനുള്ള ശ്രമങ്ങളിലാണ് സര്‍ക്കാരെന്ന് ധനമന്ത്രി. സാമ്പത്തിക പ്രതിസന്ധി കടുത്ത സാഹചര്യത്തില്‍ ഇക്കുറി പെന്‍ഷനില്‍ വര്‍ധനവ് പ്രഖ്യാപിച്ചിട്ടില്ല. പെന്‍ഷന്‍ കൃത്യമായി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ ചില നടപടികള്‍ മൂലം അത് വൈകുന്ന സാഹചര്യമുണ്ടായിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ 62 ലക്ഷം ആളുകള്‍ക്കാണ് സര്‍ക്കാര്‍ സാമൂഹിക സുരക്ഷാപെന്‍ഷന്‍ നല്‍കുന്നത്.
രാജ്യത്ത് ഏറ്റവും മികച്ച നിരക്കില്‍ പെന്‍ഷന്‍ നല്‍കിവരുന്ന സംസ്ഥാനമാണ് കേരളം. പ്രതിമാസം 1600 രൂപ നിരക്കില്‍ പെന്‍ഷന്‍ നല്‍കുന്നതിനായി പ്രതിവര്‍ഷം വേണ്ടിവരുന്നത് 9000 കോടി രൂപയാണ്. സാമൂഹികക്ഷേമ പെന്‍ഷന്‍ നല്‍കുന്നതിനായി നാമമാത്രമായ സഹായമാണ് കേന്ദ്രം നല്‍കുന്നത്. അതുപോലും കൃത്യമായി ലഭിക്കാത്ത സ്ഥിതിയാണുള്ളത്. എങ്കിലും അടുത്തവര്‍ഷം കൃത്യമായി സാമൂഹിക പെന്‍ഷന്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.