തിരുവനന്തപുരം : ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ വലിയ പ്രതിഷേധം ഉയർത്തി തങ്ങൾക്കു ലഭിച്ച ബോർഡ്–കോർപറേഷൻ സ്ഥാനങ്ങൾ രാജിവയ്ക്കാൻ രാഷ്ട്രീയ ജനതാദൾ (ആർജെഡി) തീരുമാനിച്ചു. മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതിനു പിന്നാലെ ലോക്സഭ സീറ്റെന്ന ആവശ്യവും തള്ളിയതിൽ പ്രതിഷേധിച്ചാണ് നടപടി എടുത്തിരിക്കുന്നത്. കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ, ട്രിവാൻഡ്രം സ്പിന്നിങ് മിൽ എന്നിവയുടെ ചെയർമാൻ സ്ഥാനവും 3 ബോർഡുകളിലെ അംഗത്വവുമാണ് പാർട്ടിക്കുള്ളത്. സീറ്റ് വിഭജനം സംബന്ധിച്ചു ചർച്ച വേണമെന്ന് എൽഡിഎഫ് കൺവീനറോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടും തയാറായില്ലെന്നു സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തിൽ ചേർന്ന നേതൃയോഗം വ്യക്തമാക്കി.
ഉഭയകക്ഷി ചർച്ചകൾ നടത്താതെ എൽഡിഎഫിൽ സീറ്റ് വിഭജനം നടത്തുന്നത് ആദ്യമായാണ്. മന്ത്രിസഭാ പ്രാതിനിധ്യം നിഷേധിച്ചതിനു പിന്നാലെ ലോക്സഭാ സീറ്റ് പാർട്ടിക്കു വാഗ്ദാനം ചെയ്തിരുന്നതാണെന്നും നേതാക്കൾ വ്യക്തമാക്കി. സോഷ്യലിസ്റ്റ് പ്രവർത്തകരുടെ പ്രവർത്തനത്തിന്റെ ഫലമായി കൂടിയാണ് മുന്നണിക്ക് അധികാരത്തുടർച്ച ഉണ്ടായതെന്നും കോർപറേഷൻ സ്ഥാനങ്ങൾ ഔദാര്യമല്ലെങ്കിലും അതും വേണ്ടെന്നു വയ്ക്കുകയാണെന്നും യോഗം അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു. തീരുമാനം ഇന്ന് എൽഡിഎഫ് കൺവീനറെ അറിയിച്ച ശേഷമാകും രാജി സമർപ്പിക്കുകയെന്നു പാർട്ടി സെക്രട്ടറി ജനറൽ ഡോ.വർഗീസ് ജോർജ് പറഞ്ഞു.