ചെന്നൈ ; ലൈംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടികളെ മെഡിക്കല്‍ പ്രൊഫഷണലുകള്‍ രണ്ട് വിരല്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നത് ഉടന്‍ നിരോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഈ ‘ദുരാചാരം’ എന്നെന്നേക്കുമായി അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് ഉത്തരവിട്ടു. അതിജീവിതകളുടെ സ്വകാര്യത, അന്തസ്സ് എന്നീ അവകാശങ്ങളെ ലംഘിക്കുന്ന പരിശോധന ഭരണഘടനാവിരുദ്ധമാണെന്നു സുപ്രീം കോടതിയും പല ഹൈക്കോടതികളും പറഞ്ഞിട്ടും ഇപ്പോഴും തുടരുന്നതിൽ ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. സെക്ഷന്‍ 5(എല്‍) പ്രകാരം ശിക്ഷിക്കപ്പെട്ട ഒരു പ്രതി നല്‍കിയ അപ്പീല്‍ 2012 ലെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമത്തിലെ സെക്ഷന്‍ 6(1), ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 363 എന്നിവയ്ക്കൊപ്പം വായിച്ച് തീര്‍പ്പാക്കുകയായിരുന്നു കോടതി.
ലൈംഗിക കുറ്റകൃത്യങ്ങളിൽ, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെട്ടവയിൽ ഈ പരിശോധന ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന് ജസ്റ്റിസുമാരായ ആർ.സുബ്രഹ്മണ്യൻ, എൻ.സതീഷ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജീവപര്യന്തം തടവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു പ്രതി സമർപ്പിച്ച ഹർജി പരിഗണിക്കവേയാണു പരിശോധന ചർച്ചാവിഷയമായത്. രണ്ട് വിരല്‍ പരിശോധന ഭരണഘടനാ വിരുദ്ധമാണെന്നും നിരവധി സംസ്ഥാന സര്‍ക്കാരുകള്‍ ഇത് നിരോധിച്ചിട്ടുണ്ടെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകനും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറും വാദിച്ചു.