അമരാവതി : വിശാഖപട്ടണം വിഷവാതക ദുരന്തം നടന്ന് പത്ത് ദിവസം കഴിഞ്ഞിട്ടും ആരെയും അറസ്റ്റ് ചെയ്യാതെ ആന്ധ്രാ പോലീസ്. ഇതോടെ ദുരന്തം ഒതുക്കി തീർക്കാൻ എൽജി കമ്പനിയും സർക്കാരും തമ്മിൽ ഒത്തുകളി നടക്കുകയാണെന്ന ആരോപണം ശക്തമായി. അതിനിടെ ദുരന്തത്തിന്‍റെ ഭീകരത വെളിവാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
മെയ് ഏഴിന് പന്ത്രണ്ട് പേരുടെ ജീവനെടുത്ത വിഷവാതക ചോർച്ചയുടെ ഭീകര ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. കമ്പനിയിൽ നിന്ന് വിഷവാതകം ചോർന്നു തുടങ്ങുന്നത്പുലർച്ചെ 3.47നാണ്. അധികം വൈകാതെ പ്രദേശം പുകമൂടി. ശ്വാസംകിട്ടാതെ വീടുകളിൽ നിന്ന് പുറത്തിറങ്ങിയവർ ബോധംകെട്ടു വീഴുന്ന ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്. അപകടം കാരണം വീടിനുള്ളിൽ കുടുങ്ങിയവർക്ക് പുറത്തേക്കിറങ്ങാൻ പോലും സാധിച്ചിട്ടില്ല. അപകടം നടന്ന് ഒരാഴ്ച കഴിഞ്ഞതിന് ശേഷവും നാട്ടുകാർക്ക് ആരോഗ്യപ്രശ്നങ്ങൾ അവസാനിച്ചിട്ടില്ല. പലർക്കും ചൊറിച്ചിലും ശ്വാസതടസ്സവുമുണ്ട്. എൽജി കമ്പനിക്കെതിരെ കേസെടുത്തതല്ലാതെ ഇതുവരെ അറസ്റ്റുണ്ടായിട്ടില്ല. ഇതിൽ പ്രതിഷേധത്തിലാണ് നാട്ടുകാർ. അതേസമയം ആറിരട്ടിയിലധികം ചൂട് കൂടിയതാണ് പ്ലാന്‍റിൽ നിന്ന് വിഷവാതകം ചോരാൻ ഇടയാക്കിയത് എന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. കമ്പനിയിൽ സൂക്ഷിച്ചിരുന്ന 13000 ടൺ സ്റ്റൈറീൻ ഇതിനോടകം തെക്കൻ കൊറിയയിലേക്ക് കൊണ്ടുപോയി.