ചെങ്ങന്നൂർ : എഫ്.സി.ഐയിലടക്കം കേന്ദ്രസർക്കാർ സ്ഥാ പനങ്ങളിൽ ജോലിവാദ്ഗാനം ചെയ്തു കോടികൾ തട്ടിയ കേസിൽ പോലിസ് നടപടിയില്ലെന്ന ആക്ഷേപവുമായി പരാതിക്കാർ രംഗത്ത്. നിലവിൽ 10 കേസുകളിലായി 1.85 കോടി രൂപ തട്ടിയെടുത്തു. പിന്നീട് നാലുകേസുകൾ കൂടി രജിസ്റ്റർ ചെയ്തിരുന്നു. ആറുപ്രതികളുള്ള കേസിൽ മുൻ ബി.ജെ.പി നേതാവ് കാരയ്ക്കാട് മലയിൽ സനു എൻ.നായർ(48), ബുധനൂർ താഴുവേലിൽ രാജേഷ്കുമാർ (38) എന്നിവർ രണ്ടുമാസം മുൻപ് പോലിസില്‍ കീഴടങ്ങി. സനു ഇപ്പോഴും ജയിലിലാണ്. രാജേഷ്കുമാർ ജാമ്യത്തിലിറങ്ങി.
എന്നാൽ കേസിലുൾപ്പെട്ട എഫ്.സി.ഐ മുൻ ബോർഡ് അംഗം കൂടിയായ എറണാകുളം തൈക്കൂടം വൈറ്റില മുണ്ടേലി നടയ്ക്കാവിൽ വീട്ടിൽ ലെനിൻ മാത്യു മറ്റുപ്രതികളായ ബിപിൻ വർഗീസ്, ഭാഗ്യലക്ഷ്മി, നിതിൻ കൃ ഷ്ണൻ എന്നിവരെ നാലുമാസം പിന്നിട്ടിട്ടും അറസ്റ്റുചെയ്യാൻ ചെങ്ങന്നൂര്‍ പോലിസിനായിട്ടില്ല. ലെനിൻ മാത്യുവിനായി ബെംഗളൂരുവിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. മൂന്നാറിൽനിന്ന് ഇയാളുടെ കാർ മാത്രം പോലിസ് പിടിച്ചെടുത്തിരുന്നു. ലെനിൻ, ബിപിൻ എന്നിവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനു ശ്രമിച്ചെങ്കിലും ഇതിനെതിരേ 14 പരാതിക്കാർ കോടതിയെ സമീപിച്ചതിനെത്തുടർന്നു ജാമ്യം നിഷേധിച്ചു.
പണം നഷ്ടമായ 40 ഓളം പേർ പ്രതികളുടെ സ്വാധീനത്താൽ കേസ് നൽകിയിട്ടില്ലെന്നും പരാതിക്കാർ പറയുന്നു. കോടിക്കണക്കിനു രൂപ പ്രതികൾ തട്ടിയെടുത്തതായും പണം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പലരും പരാതി നൽകാതിരിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു.