ചാരുംമൂട് : പൊതുശൗചാലയങ്ങളില്ലാത്തതിനാൽ ചാരുംമൂട്ടിലും നൂറനാട്ടും എത്തുന്നവർ ബുദ്ധിമുട്ടുന്നു. നൂറുകണക്കിനാളുകൾ ദിവസേന വന്നുപോകുന്ന മേഖലയിലെ പ്രധാന സ്ഥലങ്ങളായ ചാരുംമൂട്, നൂറനാട്, പടനിലം, താമരക്കുളം, ചുനക്കര തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രാഥമികകാര്യങ്ങൾ നിറവേറ്റാൻ ശൗചാലയങ്ങളില്ലാതെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ബുദ്ധിമുട്ടുന്നത്. വ്യാപാരസ്ഥാപനങ്ങളുടെയും ഹോട്ടലുകളുടെയും ശൗചാലയങ്ങളാണ് അത്യാവശ്യമുള്ളവർക്ക് ഇപ്പോൾ ആശ്രയം. ശുചിത്വമിഷന്റെ ഫണ്ടുപയോഗിച്ച് ചാരുംമൂട് ജംഗ്ഷന് വടക്ക് ബസ് കാത്തിരിപ്പുകേന്ദ്രത്തോടു ചേർന്ന് ചുനക്കര ഗ്രാമപ്പഞ്ചായത്ത് സ്ഥാപിച്ച ഇ-ടോയ്‌ലെറ്റ് കാടുകയറി നശിച്ചനിലയിലാണ്. 2014-ൽ ലക്ഷങ്ങൾ മുടക്കിയാണ് ഇ-ടോയ്‌ലെറ്റ് സ്ഥാപിച്ചത്. രണ്ടുരൂപ നാണയം ഇട്ടായിരുന്നു ഉപയോഗിച്ചിരുന്നത്. ഇതോടൊപ്പം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തും ചാരുംമൂട്ടിൽ ഇ-ടോയ്‌ലെറ്റ് സ്ഥാപിക്കാൻ അന്നു പദ്ധതിയിട്ടെങ്കിലും നടന്നില്ല.
കായംകുളം-പുനലൂർ സംസ്ഥാനപാതയുടെയും കൊല്ലം-തേനി ദേശീയപാതയുടെയും സംഗമസ്ഥാനമായ ചാരുംമൂട്ടിൽ സ്ത്രീകളും പെൺകുട്ടികളുമടക്കം നൂറുകണക്കിനാളുകളാണ് നിത്യേന എത്തുന്നത്. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെ ആസ്ഥാനമായ ചാരുംമൂട്ടിൽ നൂറുകണക്കിനു കച്ചവടസ്ഥാപനങ്ങളും വൈദ്യുതി ഓഫീസും പോസ്റ്റ്ഓഫീസും കെ.ഐ.പി. ഓഫീസും എക്സൈസ് ഓഫീസും സാമൂഹികാരോഗ്യകേന്ദ്രവും ബാങ്കുകളും പ്രവർത്തിക്കുന്നു. കെ.പി.റോഡിലെ നൂറനാട്ട് പോലീസ് സ്റ്റേഷൻ, സബ്ട്രഷറി, വില്ലേജ് ഓഫീസ്, സബ്‌രജിസ്ട്രാർ ഓഫീസ്, പഞ്ചായത്ത് ഓഫീസ്, കൃഷിഭവൻ, വൈദ്യുതി ഓഫീസ്, ബാങ്കുകൾ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവ പ്രവർത്തിക്കുന്നു. പഞ്ചായത്ത് ആസ്ഥാനങ്ങളായ പടനിലത്തും താമരക്കുളത്തും ചുനക്കരയിലും നിരവധി സർക്കാർ സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്.