കണ്ണൂർ : കോവിഡ് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്ന കാര്യത്തിൽ പോലീസ് ആർക്കും പ്രത്യേക പരിഗണന നൽകേണ്ട കാര്യമില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. എന്നാൽ ഇത്തരം നിയന്ത്രണങ്ങൾ സ്വൈരജീവിതം തടസ്സപ്പെടുത്തുന്നതരത്തിലാകരുതെന്നും കമ്മിഷൻ അഭിപ്രായപ്പെട്ടു. ഇത് സംബന്ധിച്ച് സോണൽ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്, സിറ്റി പോലീസ് കമ്മിഷണർ എന്നിവർ മുഖേന എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ക്രമസമാധാനം) കർശന നിർദേശം നൽകണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിട്ടു.
കമ്മിഷൻ സംസ്ഥാന പോലീസ് മേധാവിയിൽനിന്ന് റിപ്പോർട്ട് വാങ്ങി. കോവിഡ് നിയന്ത്രണം ലംഘിക്കുന്നവർക്കെതിരേ ശക്തമായ നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. പൊതുപ്രവർത്തകർക്കോ നേതാക്കൾക്കോ പ്രത്യേക പരിഗണന നൽകാറില്ലെന്നും ആരെയും ഒഴിവാക്കാറില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കണ്ണൂർ ഗവ.ഗസ്റ്റ് ഹൗസിൽ വ്യാഴാഴ്ച നടന്ന സിറ്റിങ്ങിൽ മനുഷ്യാവകാശപ്രവർത്തകനായ അഡ്വ.ദേവദാസ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.